ശ്രീനഗര്‍: അതിര്‍ത്തിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്കാം ആണ് വീരമൃത്യു വരിച്ചത്. ആര്‍ എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ പാക്ക് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.

35 മുതല്‍ 40 വരെ പാകിസ്ഥാന്‍ സൈനികര്‍ മരിച്ചിട്ടുണ്ടെന്നും സേനാ മേധാവിമാര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ഇന്ത്യ - പാക് വെടിനിര്‍ത്തല്‍ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിച്ചു വരികയാണ്. പാകിസ്ഥാന്‍ ഇതുവരെ ഡിജിഎംഒ നല്‍കിയ സന്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും സേന വ്യക്തമാക്കി.

രാത്രിയോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ അതിര്‍ത്തിയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും സേന വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ന് രാത്രിയും ജാഗ്രത തുടരും. വിവിധ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്‌സല്‍മീറില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മുന്‍കരുതല്‍ ആയാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി ലൈറ്റുകള്‍ അണച്ചും വീടുകള്‍ക്ക് അകത്തിരുന്നും ജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

അമൃതസറിലും ഫിറോസ്പുരിലും ഭാഗിക നിയന്ത്രണങ്ങളുണ്ട്. പഞ്ചാബിലെ അതിര്‍ത്തി ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെയും പ്രവര്‍ത്തിക്കില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ജാഗ്രത തുടരാനാണ് തീരുമാനം. രാത്രി 8 മണി മുതല്‍ ജനങ്ങള്‍ സ്വമേധയാ ലൈറ്റുകള്‍ ഓഫ് ചെയ്തു സഹകരിക്കണമെന്ന് ഫിറോസ്പൂര്‍, അമൃത്സര്‍ ജില്ലാ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടു. ബാട്‌മേറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മോഗ, ബര്‍ണാല എന്നിവിടങ്ങളിലും സ്വമേധയാ ലൈറ്റുകള്‍ അണയ്ക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ജനങ്ങളോട് നിര്‍ദേശിച്ചു.