- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭാര്യ റിങ്കു മജുംദാറിന്റെ മകന്‍ ഫ്ളാറ്റില്‍ മരിച്ചനിലയില്‍; മകന്‍ അസുഖബാധിതനായിരുന്നുവെന്ന് റിങ്കു മജൂംദാര്‍
ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭാര്യ റിങ്കു മജുംദാറിന്റെ മകന്‍ ഫ്ളാറ്റില്‍ മരിച്ചനിലയില്‍
കൊല്‍ക്കത്ത: ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. 26 വയസ്സുകാരനായ ശ്രിഞ്ജയ് ദാസ് ഗുപ്തയെയാണ് കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിങ്കു മജുംദാറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് ശ്രിഞ്ജയ്. റിങ്കു മജുംദാറിനെ ഈയടുത്താണ് ദിലിപ് ഘോഷ് വിവാഹം കഴിച്ചത്. ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ശ്രിഞ്ജയ് ദാസ് ന്യൂ ടൗണിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നു. വിവാഹത്തിന് ശേഷം റിങ്കു ദിലീപ് ഘോഷിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.
റിങ്കു മജൂംദറിന്റെ വിവാഹത്തിന് ശേഷം മകന്‍ ശ്രീഞ്ജയ് ദാസ്ഗുപ്ത ഒറ്റയ്ക്കായിരുന്നു ന്യൂടൗണിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രി ശ്രീഞ്ജയ്ക്കൊപ്പം പെണ്‍സുഹൃത്തും ഫ്ളാറ്റിലുണ്ടായിരുന്നു. ഇവരാണ് ശ്രീഞ്ജയ്ക്ക് സുഖമില്ലെന്ന് അറിയിച്ച് റിങ്കു മജൂംദറിനെ ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് റിങ്കു ഫ്ളാറ്റിലെത്തി മകനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മകന്‍ അസുഖബാധിതനായിരുന്നുവെന്നും ഏറെനാളായി മരുന്ന് കഴിക്കുന്നുണ്ടെന്നും റിങ്കു മജൂംദാര്‍ പ്രതികരിച്ചു. വിവാഹശേഷം താന്‍ ഫ്ളാറ്റ് മാറിയതോടെ മകന്‍ ശരിയായി ഭക്ഷണമോ മരുന്നോ കഴിക്കാറില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍, അവന്‍ തന്നോട് ഒന്നും പറഞ്ഞില്ല. പക്ഷേ, അവന്‍ അസ്വസ്ഥനായിരുന്നുവെന്ന് തനിക്ക് തോന്നിയിരുന്നതായും റിങ്കു മജൂംദര്‍ പറഞ്ഞു.
തന്റെ വിവാഹശേഷം അവന്‍ അസ്വസ്ഥനായിരുന്നുവെന്ന് അവന്‍ ഒരിക്കലും പറഞ്ഞിരുന്നില്ല. അവനെ തന്നോടൊപ്പം കൊണ്ടുപോകാന്‍ അവന്റെ കൂട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അവന്‍ അവരെയെല്ലാം എതിര്‍ത്തു. മാതൃദിനത്തില്‍ അവന്‍ തന്നെ സന്ദര്‍ശിക്കാനെത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഒന്നുകില്‍ മകനെ തന്റെ പുതിയ താമസസ്ഥലത്തേക്ക് കൊണ്ടുവരുമെന്നും അല്ലെങ്കില്‍ താന്‍ മകനോടൊപ്പം താമസിക്കുമെന്നും ദിലീപ് ഘോഷിനോട് പറയാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് മകന്റെ വേര്‍പാടെന്നും റിങ്കു മജൂംദര്‍ പറഞ്ഞു.
ശ്രീഞ്ജയുടെ മരണത്തില്‍ ദിലീപ് ഘോഷും കടുത്ത ദുഃഖം രേഖപ്പെടുത്തി. ശ്രീഞ്ജയുമായി തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നതായും ഇത് തന്റെ ദൗര്‍ഭാഗ്യമാണെന്നും താന്‍ നിര്‍ഭാഗ്യവാനാണെന്നും ദിലീപ് ഘോഷ് പ്രതികരിച്ചു.
യുവാവിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനെ കാണാനായി പെണ്‍സുഹൃത്തടക്കം രണ്ടുപേരാണ് കഴിഞ്ഞദിവസം രാത്രി ഫ്ളാറ്റിലെത്തിയതെന്നും പോലീസ് പറഞ്ഞു.
മുന്‍ എംപിയും ബിജെപി ബംഗാള്‍ അധ്യക്ഷനുമായിരുന്ന ദിലീപ് ഘോഷും ബിജെപി വനിതാ നേതാവ് റിങ്കു മജൂംദറും ഏപ്രില്‍ 18-നാണ് വിവാഹിതരായത്. ഇതിനുശേഷം റിങ്കു മജൂംദാര്‍ ദിലീപ് ഘോഷിനൊപ്പമാണ് താമസിച്ചുവരുന്നത്.