ചണ്ഡീഗഢ്: പഞ്ചാബില്‍ പോലിസ് നടത്തിയത് വന്‍ മയക്കു മരുന്നു വേട്ട. മൂന്നിടത്തായി പോലീസ് നടത്തിയ പരിശോധനയില്‍ 85 കിലോ ഹെറോയിന്‍ പിടികൂടി. രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. സംഭവത്തില്‍ മയക്കുമരുന്നുമായി അമര്‍ജോത് സിങ്ങി(ജോത സന്ധു) എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു.

മൂന്നിടത്ത് നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാലി എന്നയാളാണ് മയക്കുമരുന്ന് ശൃംഖല കൈകാര്യം ചെയ്യുന്നത്. പാകിസ്താനിലെ ചാരസംഘടനയായ ഐഎസ്ഐക്കും പഞ്ചാബിലെ മയക്കു മരുന്ന് കടത്തില്‍ പങ്കുണ്ടെന്നാണ് പഞ്ചാബ് പോലീസ് നല്‍കുന്ന സൂചന.

അമൃത്സറിലെ ഭീട്ടെവാഡ് ഗ്രാമത്തിലുള്ള വീടാണ് അമര്‍ജോത് മയക്കുമരുന്ന് കൈകാര്യം ചെയ്യാനുള്ള ഒളിത്താവളമായി ഉപയോഗിച്ചതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഡ്രോണുകള്‍ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്നവരാണ് ലാലിയും അമര്‍ജോതും. പഞ്ചാബിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാനാണ് മയക്കുമരുന്നെത്തിച്ചത്.