- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റവാളിയെ തേടി വീട്ടില്‍ എത്തിയപ്പോഴെല്ലാം ഗൃഹനാഥ മാത്രം; ഒടുവില്‍ 13 കേസുകളിലെ പ്രതി ആരെന്ന് അറിഞ്ഞ് ഞെട്ടിയത് പൊലീസ്
13 കേസുകളിലെ പ്രതി ആരെന്ന് അറിഞ്ഞ് ഞെട്ടിയത് പൊലീസ്
ജോധ്പൂര്‍: ക്രിമിനല്‍ കേസുകളിലെ കുറ്റവാളിയെ തേടി പൊലീസുകാര്‍ വീട്ടിലെത്തുമ്പോഴൊക്കെ അവരോട് സംസാരിക്കുന്നത് ഗൃഹനാഥയായ സ്ത്രീ. ഒടുവില്‍ പതിമൂന്ന് കേസുകളിലെ പ്രതി ആരെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടിയത് പൊലീസുകാര്‍ തന്നെയായിരുന്നു. രാജസ്ഥാനിലെ ജോധ് പൂരാണ് സിനിമ കഥയെ വെല്ലുന്ന ക്ലൈമാക്സിലെത്തിയ ആള്‍മാറാട്ട സംഭവം അരങ്ങേറിയത്. തങ്ങള്‍ തേടുന്ന ദയ ശങ്കര്‍ എന്ന നിരവധി കേസുകളിലെ പ്രതിയാണ് സ്ത്രീ എന്ന് പൊലീസുകാര്‍ അറിയുന്നത് ഏറെ വൈകിയാണ്. കാരണം ദയാശങ്കര്‍ എന്ന പ്രതി പുരുഷനാണെന്നാണ് പൊലീസ് രേഖകള്‍ പറയുന്നത്.
പൊലീസിനെ കബളിപ്പിക്കാന്‍ സ്ഥിരം സാരിയും ബ്ലൗസും ധരിച്ചായിരുന്നു ഇയാളുടെ സഞ്ചാരം. താമസിക്കുന്ന വീട്ടിലും ഇയാള്‍ സ്ത്രീ വേഷമാണ് ധരിച്ചു കൊണ്ടിരുന്നത്. 13 ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാളെ ഒടുവില്‍ പൊലീസ് അറസ്റ്റു ചെയ്തു. ദയാ ശങ്കറിനെതിരെ വഴക്ക്, ആക്രമണം, കവര്‍ച്ച, ഭീഷണി തുടങ്ങിയ 13 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ദയാ ശങ്കറിന്റെ അറസ്റ്റിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഏറെനാളായി പൊലീസ് തിരയുന്ന കുറ്റവാളികളില്‍ ഒരാളാണ് ഇയാളെന്നും വളരെക്കാലമായി അയാള്‍ 'സ്ത്രീവേഷം' കളിക്കുകയാണെന്നും പോലീസുകാര്‍ പറഞ്ഞു. ഹെഡ് കോണ്‍സ്റ്റബിള്‍ ഷംഷേര്‍ ഖാന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 13 ന് രജിസ്റ്റര്‍ ചെയ്ത ഒരു ഭീഷണി, ആക്രമണ കേസില്‍ ദയാശങ്കറിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.