റായ്പൂര്‍: കഞ്ചാവ് വില്‍പന നടത്തിയ യോഗഗുരു അറസ്റ്റില്‍. ഛത്തീസഗഢില്‍ ആശ്രമം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തരുണ്‍ ക്രാന്തി അഗര്‍വാള്‍ അറസ്റ്റിലാവുന്നത്. ഇയാളുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

രണ്ട് പതിറ്റാണ്ടായി തരുണ്‍ ക്രാന്തി ഗോവയില്‍ വിദേശികള്‍ക്കടക്കം ക്രാന്തി യോഗയില്‍ ക്ലാസ് നല്‍കുകയായിരുന്നു. ഒടുവില്‍ ഗോവയിലെ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാണ് ഇയാള്‍ ഛത്തീസ്ഗഢിലേക്ക് എത്തിയത്. രാജ്നന്ദ്ഗാവ് ജില്ലയില്‍ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.

ഏകദേശം അഞ്ചേക്കര്‍ ഭൂമിയിലാണ് ഇയാള്‍ ഛത്തീസ്ഗഢില്‍ പുതിയ ആശ്രമത്തിന്റെ പണി തുടങ്ങിയത്. താല്‍ക്കാലികമായി ഒരു ആശ്രമവും സ്ഥാപിച്ചിരുന്നു. ഇവിടേക്ക് വിദേശികള്‍ ഉള്‍പ്പടെ എത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന് വ്യാപകപരാതികളുണ്ടായിരുന്നു.

ഒടുവില്‍ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡില്‍ 1.993 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തുന്നു. എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരമാണ് യോഗ ഗുരുവിനെതിരെ കേസെടുത്തത്. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് രാജ്നന്ദ്ഗാവ് പൊലീസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് പറഞ്ഞു.