- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍സ്റ്റാഗ്രാം റീലുകള്‍ ചിത്രീകരിക്കുന്നതില്‍ കടുത്ത എതിര്‍പ്പ്; ഗുരുഗ്രാമില്‍ ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി; അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ സംസ്ഥാന തല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. 25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ ഒന്നാം നിലയില്‍ വെച്ച് രാധികയുടെ പിതാവ് അഞ്ചു തവണയാണ് വെടിയുതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം രാധികയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ രാധികയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പൊലീസ് പിടിച്ചെടുത്തു.
വ്യാഴാഴ്ച രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീട്ടില്‍ വെച്ചാണ് സംഭവം. സ്വന്തമായി ഉപയോഗിച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് രാധികയുടെ പിതാവ് വെടിയുതിര്‍ത്തത്. വെടിവെപ്പുണ്ടായ ഉടനെ ശബ്ദം കേട്ടെത്തിയവര്‍ രാധികയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രാധിക ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന തലത്തില്‍ നിരവധി ടെന്നീസ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള രാധിക നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്നും യുവതിയുടെ അമ്മാവനുമായി സംസാരിച്ചെങ്കിലും കൂടുതല്‍ വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അറിയപ്പെടുന്ന ടെന്നീസ് താരമായ രാധിക സ്വന്തമായി ടെന്നീസ് അക്കാദമിയും നടത്തിയിരുന്നു. ഇവിടെ മറ്റു താരങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
ഇന്‍സ്റ്റാഗ്രാം റീലുകള്‍ പതിവായി ചിത്രീകരിക്കുകയും പോസ്റ്റ് ചെയ്യുന്നതിലും പിതാവ് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സംഭവം നടന്ന വീട്ടിലെ ഒന്നാം നിലയില്‍ പൊലീസെത്തി പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാധികയുടെ മൃതദേഹം വിട്ടുനല്‍കും.