കൊല്‍ക്കത്ത: ഐഐഎം ക്യാംപസില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മഹാവീര്‍ തപോന്‍വര്‍ ഇരയ്ക്ക് തൊട്ടടുത്ത ഫാര്‍മസിയില്‍ നിന്നു ഉറക്കുഗുളിക വാങ്ങി കുടിവെള്ളത്തില്‍ കലക്കി നല്‍കിയതായി പൊലീസ് വെളിപ്പെടുത്തി. പ്രതി ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഐഐഎം വിദ്യാര്‍ഥിയാണ് പ്രതിയായ യുവാവ്.

അതേസമയം കേസില്‍ പല പൊരുത്തക്കേടുകളുണ്ടെന്നും ഇവയെല്ലാം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഓട്ടോയില്‍ നിന്നു വീഴുകയായിരുന്നുവെന്നും അക്രമത്തിനിരയായിട്ടില്ല എന്നുമാണ് പിതാവ് പറഞ്ഞത്. സമ്മര്‍ദം കൊണ്ടാണോ അങ്ങനെ പറഞ്ഞതെന്ന് അന്വേഷിക്കും. സൈക്കോളജിസ്റ്റ് ആണെന്ന് അവകാശപ്പെട്ട യുവതിക്ക് അതിന്റെ യോഗ്യതകള്‍ കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏത് കോളജില്‍ നിന്നാണ് സൈക്കോളജി പഠിച്ചതെന്ന് പറഞ്ഞിട്ടില്ല. ഐഐഎം ഹോസ്റ്റലില്‍ കൗണ്‍സലിങ്ങിന് എത്തിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായതെന്നാണ് യുവതിയുടെ പരാതി.

കേസില്‍ ഒന്‍പതംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ മഹാവീര്‍ തപോന്‍വറിനെ ചോദ്യം ചെയ്യുകയാണ്. ഉഭയസമ്മതപ്രകാരമാണ് വിദ്യാര്‍ഥി യുവതിയുമായി ബന്ധപ്പെട്ടതെന്ന് പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.