ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിനും ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂളിനും ചൊവ്വാഴ്ച രാവിലെ ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു. ഇ-മെയില്‍ ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന്, മുന്‍കരുതല്‍ എന്ന നിലയില്‍ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളെ ഉടന്‍ ഒഴിപ്പിച്ചു. ഇതുവരെ ഭീഷണി മെയില്‍ ലഭിച്ച രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല, അന്വേഷണം തുടരുകയാണ്.

ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂളിനും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജിനും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി ഡല്‍ഹി അഗ്‌നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഡല്‍ഹി പൊലീസ് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീം, സ്‌പെഷല്‍ സ്റ്റാഫ് എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങളെ ഉടന്‍ തന്നെ രണ്ട് സ്ഥലങ്ങളിലേക്കും വിന്യസിച്ചു. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി എല്ലാവിധ മു?ന്‍കരുതലും സ്വീകരിച്ചു.

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിനും സമാന ഭീഷണി ഇ-മെയില്‍ ലഭിച്ചതിന്റെ ഒരു ദിവസത്തിനു ശേഷമാണ് ഡല്‍ഹിയിലെ സ്‌കൂളിനും കോളജിനും നേരെ ബോംബ് ഭീഷണി വന്നത്. ദര്‍ബാര്‍ സാഹിബ് എന്നും അറിയപ്പെടുന്ന സുവര്‍ണ്ണ ക്ഷേത്രത്തിലെ ലങ്കര്‍ ഹാള്‍ (സമൂഹ അടുക്കള ) പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തി സിഖുകാരുടെ പരമോന്നത മത ഭരണസമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ഇ-മെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് പരാതി നല്‍കി.