പട്ന: പരോളില്‍ ഇറങ്ങി ചികിത്സയില്‍ കഴിഞ്ഞ നിരവധി കൊലപാതകക്കേസുകളിലെ പ്രതിയായ കൊടുംകുറ്റവാളിയെ ആശുപത്രിയില്‍ കയറി സിനിമാസ്‌റ്റൈലില്‍ വെടിവച്ച് കൊലപ്പെടുത്തി. ചന്ദന്‍ മിശ്ര എന്നയാളെയാണ് ചികിത്സയിലിരിക്കെ കൊലപ്പെടുത്തിയത്. ബിഹാറിലാണ് നടുക്കുന്ന സംഭവം. അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതില്‍ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ചന്ദന്‍ മിശ്ര പരോളിലിറങ്ങി ചികിത്സയിലായിരുന്നു. പട്നയിലെ പരാസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. ചന്ദന്‍ മിശ്രയുടെ എതിര്‍ ഗ്രൂപ്പില്‍പ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.

'ബിഹാറിലെ ബക്സര്‍ സ്വദേശിയായ ചന്ദന്‍ മിശ്ര ഭഗല്‍പുര്‍ ജയിലിലായിരുന്നു. പരോളിലിരിക്കെ പരാസ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. എതിര്‍ഗ്രൂപ്പുകാര്‍ അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ ചന്ദന്‍ മിശ്ര ചികിത്സയ്ക്കിടെയാണ് കൊല്ലപ്പെട്ടത്' പോലീസ് അറിയിച്ചു.

ചന്ദന്‍ മിശ്രയുടെ എതിരാളി സംഘമായ ചന്ദന്‍ ഷേരു ഗ്യാങ്ങിലെ അംഗങ്ങളെ തങ്ങള്‍ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി കൊലപാതക കേസുകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച ബിഹാര്‍, ആശുപത്രിയിലുണ്ടായ പുതിയ സംഭവത്തിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. വ്യവസായി ഗോപാല്‍ ഖേംക, ബിജെപി നേതാവ് സുരേന്ദ്ര കേവത്, അഭിഭാഷകന്‍ ജിതേന്ദ്ര മഹാതോ തുടങ്ങിയവരാണ് സമീപ ദിവസങ്ങളില്‍ ബിഹാറില്‍ കൊല്ലപ്പെട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ആര്‍ജെഡിയും കോണ്‍ഗ്രസ് ആയുധമാക്കിയതോടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്.