ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ്‌റൂമിന്റെ സീലിങ് തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. സീലിങ്ങിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ആര്‍ക്കും ഗുരുതരപരിക്കേറ്റിട്ടില്ലെന്നത് ആശ്വാസകരമാണ്. മേല്‍ക്കൂര തകര്‍ന്നുവീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് അധ്യാപക ക്ലാസെടുക്കുമ്പോള്‍ പൊടുന്നനെ സീലിങ് തകര്‍ന്നുവീഴുകയായിരുന്നു. ഭോപ്പാലിലെ പി.എം ശ്രീ സ്‌കൂളിന്റെ സീലിങ്ങാണ് തകര്‍ന്നുവീണത്. സമൂഹമാധ്യമങ്ങളിലൂടെ കെട്ടിടത്തിന്റെ സീലിങ് തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദൃശ്യങ്ങളില്‍ ക്ലാസ്‌റൂമിലുണ്ടായിരുന്ന അധ്യാപികയും കുട്ടികളും ഞെട്ടലോടെ നില്‍ക്കുന്നത് കാണാം. പിന്നീട് ഉടന്‍ തന്നെ സമചിത്തത വീണ്ടെടുത്ത് അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാനായി ഇവര്‍ മുന്നോട്ട് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂളിന്റെ ശോച്യാവസ്ഥയെ കുറിച്ച് പ്രിന്‍സിപ്പല്‍ നേരത്തെ തന്നെ സര്‍ക്കാറിനെ വിവരം അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡി.ഇ.ഒക്ക് ഇതുസംബന്ധിച്ച് കത്തയക്കുകയും ചെയ്തിരുന്നു. മഴ പെയ്താല്‍ ക്ലാസ് റൂമുകളില്‍ വെള്ളം കയറുമെന്ന കാര്യമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.