ന്യൂഡല്‍ഹി: ഒഡീഷയില്‍ അക്രമികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി തീകൊളുത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. തീപിടിച്ച ദേഹവുമായി അലറി കരഞ്ഞ പെണ്‍കുട്ടിയെ രക്ഷിച്ചതിനെക്കുറിച്ചു പറയുമ്പോള്‍ ദൃക്‌സാക്ഷിയായ ദുക്ഷിശ്യാം സേനാപതിക്ക് ഇപ്പോഴും കണ്ണുനിറയുന്നു. അതിദയനീയമായിരുന്നു ആ കാഴ്ച. തീപിടിച്ച ദേഹവുമായി അവള്‍ അലറി കരയുകയായിരുന്നു. ദേഹമാസകലം തീപടര്‍ന്ന നിലയില്‍ തന്റെ വാതിലില്‍ വന്നു മുട്ടിയ പെണ്‍കുട്ടിയെ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നെന്ന് സേനാപതി പൊലീസിനോടു പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് പുരിയിലെ ബാലംഗയില്‍ പെണ്‍കുട്ടി അക്രമത്തിനിരയായത്. അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ശേഷം പെണ്‍കുട്ടിയുടെ ശരീരത്തില്‍ പെട്രോള്‍ ഒളിച്ച് തീ കൊളുത്തുക ആയിരുന്നു. ''ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് എന്റെ വാതിലില്‍ മുട്ടുന്നത്. അലര്‍ച്ചയും മുട്ടും കേട്ട് വാതില്‍ തുറക്കുമ്പോള്‍ കണ്ട കാഴ്ച വിശ്വസിക്കാനാകുമായിരുന്നില്ല. തീപിടിച്ച ദേഹവുമായി വേദന കൊണ്ട് ആ കുട്ടി അലറിക്കരയുകയായിരുന്നു. ഉടന്‍ തന്നെ ഭാര്യയെ വിളിച്ച് അവരുടെ സഹായത്തോടെ കുട്ടിയുടെ ദേഹത്തു പടര്‍ന്ന തീയണച്ചു. കുടിക്കാന്‍ വെള്ളം നല്‍കി. പിന്നീട് വീട്ടിലെ മറ്റു സ്ത്രീകളെല്ലാവരും ചേര്‍ന്ന് അവളുടെ വസ്ത്രങ്ങള്‍ മാറ്റി. എന്താണ് സംഭവിച്ചതെന്നു ചോദിച്ചപ്പോള്‍ അജ്ഞാതരായ മൂന്നുപേര്‍ ചേര്‍ന്ന് തീകൊളുത്തിയെന്നാണ് കുട്ടി പറഞ്ഞത്. സുഹൃത്തിനെ കണ്ടതിനു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന അവളെ മോട്ടര്‍ സൈക്കിളിലെത്തിയ മൂന്നുപേര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണ് പറഞ്ഞത്. അക്രമികള്‍ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. ഭാര്‍ഗവീനദീതീരത്ത് എത്തിയ ശേഷം ദേഹത്തേക്ക് എന്തോ ഒഴിച്ച് തീകൊളുത്തിയെന്നാണ് പെണ്‍കുട്ടി പറഞ്ഞത്' ദുക്ഷിശ്യാം ഡിജിപി വൈ.ബി.ഖുറാനിയയോടു പറഞ്ഞു.

അക്രമികളുടെ പേരറിയില്ലെന്നും കുട്ടി പറഞ്ഞെന്നും അവള്‍ ആകെ തളര്‍ന്നതിനാല്‍ മറ്റൊന്നും പറയാന്‍ നിര്‍ബന്ധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോകുമ്പോള്‍ കൈകള്‍ കൂട്ടിക്കെട്ടിയിരുന്നെന്നാണ് പെണ്‍കുട്ടി പറഞ്ഞതെങ്കിലും തന്റെ വീട്ടിലെത്തുമ്പോള്‍ കൈകള്‍ ബന്ധിച്ചിരുന്നില്ലെന്നും സേനാപതി പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിയെവിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി ബ്ലോക്കിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് 75 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഭുവനേശ്വര്‍ എയിംസിലായിരുന്ന പെണ്‍കുട്ടിയെ പ്രത്യേക എയര്‍ ആംബുലന്‍സില്‍ ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല.