ബംഗളൂരു: ബംഗളൂരുവില്‍ നിന്നും ചരക്ക് വിമാനത്തില്‍ നാല് ആനകള്‍ ജപ്പാനിലേക്ക് പറന്നു. ബന്നാര്‍ഘട്ട ദേശീയപാര്‍ക്കിലെ നാല് ആനകളാണ് ജപ്പാനിലേക്ക് പറന്നത്. ദേശീയ മൃഗശാലാ അതോറിറ്റിയുടെ ആനിമല്‍ എക്സ്ചേഞ്ച് പരിപാടിവഴിയാണ് ആനകളുടെ വിദേശയാത്ര. സുരേഷ് (എട്ട് വയസ്സ്), ഗൗരി (ഒമ്പത്), ശ്രുതി (ഏഴ്), തുളസി (അഞ്ച്) എന്നീ നാല് ആനകളെയാണ് ഇരുമ്പ് കൂടുകളില്‍ വിമാനത്തില്‍ കയറ്റിയത്.

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഖത്തര്‍ എയര്‍വേസിന്റെ ബി 777-200 നമ്പര്‍ കാര്‍ഗോ വിമാനത്തിലാണ് ഇവരുടെ സഞ്ചാരം. ജപ്പാനിലെ ഒസാകയിലുള്ള കന്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പോവുന്നത്. 20 മണിക്കൂറാണ് യാത്രാ ദൈര്‍ഘ്യം. ഇതാദ്യമായാണ് ബന്നാര്‍ഘട്ട പാര്‍ക്കില്‍നിന്ന് ആനകളെ വിദേശത്തേക്കയക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

രണ്ട് വെറ്ററിനറി സര്‍ജന്മാര്‍, നാല് ആനകളുടെയും പാപ്പാന്മാര്‍, സൂപ്പര്‍വൈസര്‍, ബയോളജിസ്റ്റ് എന്നിവരും സംഘത്തിലുണ്ട്. വിമാനയാത്രക്കും വിദേശവാസത്തിനും പരിശീലനംനല്‍കിയശേഷമാണ് ആനകളെ യാത്രയാക്കിയത്.

ആനകള്‍ക്ക് പകരം നാല് ചെമ്പുലികളും നാല് അമേരിക്കന്‍ കടുവകളും നാല് അമേരിക്കന്‍ സിംഹങ്ങളും മൂന്ന് ചിമ്പാന്‍സികളും എട്ട് കപ്പൂച്ചിന്‍ കുരങ്ങുകളും ബന്നാര്‍ഘട്ട താവളമാക്കാനെത്തും.