ബിജാപൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷ സേന. ഇന്നലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരുടെ പക്കല്‍ നിന്ന് ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍ ഉള്‍പ്പെടെ ധാരാളം ആയുധങ്ങള്‍ കണ്ടെടുത്തു.

റായ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ തെക്ക് മാറിയുള്ള മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തുന്നതിനായി സുരക്ഷാ സേന സംയുക്ത സംഘത്തെ അയച്ചത്. ഇന്നലെ വൈകുന്നേരം മുതല്‍ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മില്‍ ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ 18 മാസത്തിനിടെ, ബസ്തര്‍ റേഞ്ചിലെ വിവിധ ഏറ്റുമുട്ടലുകളില്‍ 425 മാവോയിസ്റ്റ് കേഡര്‍മാര്‍ കൊല്ലപ്പെട്ടു. ബസ്തര്‍ മേഖലയിലെ ഏഴ് മാവോയിസ്റ്റ് ബാധിത ജില്ലകളില്‍ ഒന്നായ ബീജാപൂര്‍, തെക്കന്‍ ഛത്തീസ്ഗഢിലെ ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്നു.