ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ) ഭീകര സംഘടനയുമായി ബന്ധമുള്ള ഖാലിസ്ഥാനി വിഘടനവാദി അറസ്റ്റില്‍. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ഭീകരനെ പിടികൂടിയത്. പഞ്ചാബിലെ ഖില ലാല്‍ സിംഗ് പൊലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് കരണ്‍വീറാണ് അറസ്റ്റിലായത്.

ഏപ്രില്‍ ഏഴ് മുതല്‍ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് കരണ്‍വീറിനെ ഡല്‍ഹി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇയാളുടെ കൂട്ടാളിയായ ആകാശ്ദീപിനെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ ഗ്രനേഡ് എറിഞ്ഞ ആക്രമികളെ ആകാശ് സഹായിച്ചതായി കണ്ടെത്തി.

2024 ഡിസംബറില്‍ പിലിഭിത്തിയില്‍ നടന്ന ഏറ്റുമുട്ടലിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് ബിഐകെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഗുര്‍ദാസ്പൂരിലെ ബക്ഷിവാല പൊലീസ് ആക്രമണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്ന് പേരെ ഉത്തര്‍പ്രദേശ് പഞ്ചാബ് പൊലീസ് കൊലപ്പെടുത്തിയിരുന്നു.

പിലിഭിത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ (കെസൈഡ്എഫ്) പ്രവര്‍ത്തകരാണെന്നാണ് സംശയം. 2024 നവംബറിലുണ്ടായ പഞ്ചാബ് പൊലീസ് ഔട്ട്‌പോസ്റ്റില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നിലും ഇവരാണെന്നാണ് പൊലീസ് നിഗമനം.