- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍
പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു ടീമിന് സ്വീകരണം ഒരുക്കിയ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കമീഷണര്‍ ബി. ദയാനന്ദ, അഡീഷണല്‍ പൊലീസ് കമീഷണര്‍ വികാസ് കുമാര്‍ വികാസ്, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ശേഖര്‍ എച്ച്. ടെക്കണ്ണവര്‍ എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. ജൂണ്‍ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് സ്ഥിരീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ദയാനന്ദ, വികാസ് കുമാര്‍, ശേഖര്‍ എന്നിവര്‍ക്കൊപ്പം, അന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ ഓഫ് പൊലീസ് ആയി സേവനമനുഷ്ഠിച്ചിരുന്ന ഡി.വൈ.എസ്.പി സി. ബാലകൃഷ്ണ, കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ജോണ്‍ മൈക്കല്‍ ഡി കുന്‍ഹയുടെ കീഴിലുള്ള ജുഡീഷ്യല്‍ കമീഷനും മജിസ്റ്റീരിയല്‍ കമ്മിറ്റി ജില്ല മജിസ്‌ട്രേറ്റും സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിനാല്‍, തങ്ങളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ ഉത്തരവ് സര്‍ക്കാര്‍ പുനഃപരിശോധിക്കുകയായിരുന്നു.
ജൂണ്‍ അഞ്ചിന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയാന്‍ തീരുമാനിച്ചത്. 18 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍.സി.ബി) കളിക്കാരെ ആദരിക്കുന്നതിനായി കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെ.എസ്.സി.എ) സംഘടിപ്പിച്ച അനുമോദന ചടങ്ങിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്.