- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധരാലിയില്‍ നിന്നും ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം; ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ രക്ഷപ്പെടുത്തിയത് 1,300ലധികം പേരെ: മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍
ധരാലിയില്‍ നിന്നും ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം
ധരാലിയില്‍ നിന്നും ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം; ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ രക്ഷപ്പെടുത്തിയത് 1,300ലധികം പേരെ: മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ഡെറാഡൂണ്‍: മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉത്താരഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ധരാലി ഗ്രാമത്തില്‍ നിന്ന് രാത്രി വൈകി രണ്ട് ഗര്‍ഭിണികളെ സൈന്യം എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് വൈദ്യസഹായം നല്‍കിവരികയാണ്. ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ച യുവതികളെ പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തിങ്കളാഴ്ചത്തെ കനത്ത മഴയ്ക്കു പിന്നാലെ ഒരു ദിവസം താല്‍ക്കാലികമായി നിര്‍ത്തിവച്ച ആകാശമാര്‍ഗമുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറടക്കം ഉപയോഗിച്ചാണ് മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. ചെളിയായി ആകെ കുഴഞ്ഞുകിടക്കുന്ന മണ്ണിനടിയില്‍ നിന്ന് അവശേഷിക്കുന്നവരെ കണ്ടെത്തുക ഏറെ ശ്രമകരമാണ്. ഇതിനിടെയാണ് ശക്തമായ മഴയും പെയ്യുന്നത്.
ഇതുവരെ ദുരന്തഭൂമിയില്‍ നിന്ന് 1,300 ലധികം പേരെയാണ് രക്ഷപ്പെടുത്തിയത്. ഹര്‍സില്‍, ധരാലി എന്നീ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നുള്ള താമസക്കാരെ മാറ്റ്ലിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയി ഒഴിപ്പിക്കല്‍ ശ്രമങ്ങളും തുടരുകയാണ്. ഈ പ്രദേശങ്ങളിലേക്ക് വായുമാര്‍ഗം ദുരിതാശ്വാസ, മെഡിക്കല്‍ സാമഗ്രികള്‍ തുടര്‍ച്ചയായി എത്തിക്കുന്നുണ്ട്. ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നാളെ മുതല്‍ മൂന്നു ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനാല്‍ ഇനിയൊരു ദുരന്തമുണ്ടാകരുതെന്ന പ്രാര്‍ഥനയിലാണ് പ്രദേശവാസികള്‍.