ന്യൂഡല്‍ഹി: 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യ പത്രം സമര്‍പ്പിക്കുന്നതിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (IOA) അംഗീകാരം നല്‍കി. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരം അഹമ്മദാബാദ് ആകാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദിനൊപ്പം ഭൂവനേശ്വറും ആതിഥേയത്വം വഹിക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 31-നകം നിര്‍ദ്ദേശം സമര്‍പ്പിക്കും. നവംബറില്‍ ആതിഥേയ നഗരത്തെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (സിജിഎഫ്) അധികൃതര്‍ ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഭൂവനേശ്വറിലും അഹമ്മദാബാദിലും സംഘം പരിശോധന നടത്തുകയുണ്ടായി.

കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സിന്റെ ഗെയിംസ് ഡയറക്ടര്‍ ഡാരന്‍ ഹാളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അടുത്തിടെ അഹമ്മദാബാദിലെത്തി വേദികള്‍ പരിശോധിക്കുകയും ഗുജറാത്ത് സര്‍ക്കാര്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന് 20 വര്‍ഷം തികയുന്നു എന്നതാണ് പ്രധാന പ്രത്യേകത. 2010ലായിരുന്നു ഇന്ത്യ ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. ഈ ഗെയിംസ് പിന്നീട് അഴിമതി ആരോപണങ്ങളാല്‍ കുപ്രസിദ്ധി നേടുകയും ചെയ്തിരുന്നു. ഇതിനിടെ ഇന്ത്യ 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കങ്ങളും ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.