- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിലെ മേഘവിസ്ഫോടനം: മരിച്ചവരില്‍ രണ്ട് സിഐഎസ്എഫ് ജവാന്‍മാരും; മരണസംഖ്യ 40 കടന്നു; ഇരുന്നൂറിലേറെപ്പേരെ കാണാതായി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ നാല്‍പ്പതിലേറെ മരണം. രണ്ട് സിഐഎസ്എഫ് ജവാന്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇരുന്നൂറിലേറെപ്പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കാന്‍ കാത്തുനിന്ന നൂറു കണക്കിന് തീര്‍ത്ഥാടകരെ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തില്‍ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അന്‍പതിലധികം പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ വ്യോമമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനവും തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കിഷ്ത്വാറിലെ ചസോതി മേഖലയില്‍ മേഘവിസ്ഫോടനം ഉണ്ടായത്. തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഒരു പ്രദേശമാകെ ഒലിച്ചുപോയി. കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ഹിമാലയന്‍ ദേവാലയത്തിലേക്കുള്ള യാത്രയുടെ ആരംഭിക്കുന്ന പ്രദേശമാണ് ചസോതി. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കാന്‍ വേണ്ടി ഒരുക്കിയിരുന്ന താല്‍ക്കാലിക ടെന്റുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയി.
കാണാതായവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സന്ദര്‍ശകരായി എത്തുന്ന പ്രദേശമാണിത്. മേഘവിസ്ഫോടനം നടന്ന സ്ഥലത്ത് ഏകദേശം 1,200 പേര്‍ ഉണ്ടായിരുന്നുവെന്ന് ജമ്മു കശ്മീര്‍ ബിജെപി നേതാവ് സുനില്‍ ശര്‍മ്മ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.
കിഷ്ത്വാര്‍ മേഖലയിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. മേഘവിസ്ഫോടന ബാധിത പ്രദേശത്ത് നിന്ന് സ്ഥിരീകരിച്ച വിവരങ്ങള്‍ ലഭിക്കുന്നത് മന്ദഗതിയിലാണെന്നും എന്നാല്‍ രക്ഷാ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരോടൊപ്പം എന്റെ ചിന്തകളും പ്രാര്‍ത്ഥനകളുമുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും.'- പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. ഗാന്ദര്‍ബല്‍ ജില്ലയിലെ നാരാനാഗിലും, മേഘവിസ്‌ഫോടനം ഉണ്ടായി. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി തുടരുകയാണ്.