ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസില്‍ അസം സര്‍ക്കാരിന് തിരിച്ചടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറുമുള്‍പ്പെടെയുളള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അസമിലെ ബിജെപി സര്‍ക്കാറിന്റെ നടപടികള്‍ സുപ്രീംകോടതി വിലക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അസം പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

ആഗസ്ത് 22ന് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും പൊലീസ് സമന്‍സ് അയച്ചു. ചോദ്യംചെയ്യാന്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നും ഹാജരാകാതിരുന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും മാത്രമാണ് സമന്‍സിലുള്ളത്. കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ നടപടികള്‍ അസം സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണം. സെപ്തംബര്‍ 15 കേസ് വീണ്ടും പരിഗണിക്കും.

ബിഎന്‍എസ് 152 (രാജ്യദ്രോഹം), 196 (മതം, വംശം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 'ദ വയര്‍' മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനും ദ ഹിന്ദു മുന്‍ എഡിറ്ററുമാണ് സിദ്ധാര്‍ഥ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറും സ്ഥാപനത്തിന്റെ ഭാഗമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിനിടെ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ തകര്‍ന്നുവീണെന്ന റിപ്പോര്‍ട്ടാണ് കേസിന് കാരണം.

ജൂലൈയില്‍ അസമിലെ മൊറിഗാവില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ സിദ്ധാര്‍ഥ് വരദരാജനും 'ദ വയറി' ലെ മാധ്യമപ്രവര്‍ത്തകര്‍ക്കും സുപ്രീംകോടതി സംരക്ഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും അസം പൊലീസിന്റെ പ്രതികാര നടപടി. ബിഎന്‍എസ് 152ന്റെ സാധുത ചോദ്യംചെയ്ത് ദ വയര്‍ അടക്കമുള്ളവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരി?ഗണിക്കവേയാമ് ലൂപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.