ചെന്നൈ: അന്തരിച്ച നടി ശ്രീദേവിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ഫാം ഹൗസ് ഉള്‍പ്പെടുന്ന ഭൂസ്വത്തില്‍ മുന്‍ ഉടമയുടെ ബന്ധുക്കളില്‍ ചിലര്‍ അവകാശവാദം ഉന്നയിക്കുന്നുവെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ഭര്‍ത്താവ് ബോണി കപൂര്‍. മൂന്നുപേര്‍ നിയമവിരുദ്ധമായി ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. അവരുടെ അവകാശവാദങ്ങള്‍ക്ക് സാധുതയില്ലെന്നും ഇത്തരം നീക്കങ്ങളില്‍ വഞ്ചനയ്ക്ക് സാധ്യതയുണ്ടെന്നും ബോണി ആരോപിക്കുന്നു എന്നാണ് 'ദി ഹിന്ദു' റിപ്പോര്‍ട്ടുചെയ്യുന്നത്.

തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് (ഇസിആര്‍) ഈ ഭൂസ്വത്ത് സ്ഥിതി ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കുടുംബം ഒരു ഫാംഹൗസ് ആയാണ് ഇത് ഉപയോഗിക്കുന്നത്. 1988 ഏപ്രില്‍ 19-ന് എം.സി. സംബന്ധ മുതലിയാരില്‍ നിന്നാണ് ശ്രീദേവി ഈ സ്വത്ത് വാങ്ങിയതെന്ന് ബോണി കപൂര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുതലിയാര്‍ക്ക് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമായിരുന്നു ഉണ്ടായിരുന്നത്. സ്വത്ത് എങ്ങനെ വിഭജിക്കണമെന്നതിനെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കിടയില്‍ 1960 ഫെബ്രുവരിയില്‍ ഒരു ധാരണയുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീദേവി വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും സ്വത്തിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം നേടുകയും ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ അടുത്തിടെ മൂന്നുപേര്‍ ഈ സ്വത്തിന്മേല്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതിലൊരാള്‍ മുതലിയാരുടെ മക്കളിലൊരാളുടെ രണ്ടാം ഭാര്യയാണെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയും, മറ്റ് രണ്ടുപേര്‍ അവരുടെ മക്കളുമാണ്. 1975 ഫെബ്രുവരി അഞ്ചിന് നടന്ന രണ്ടാം ഭാര്യയുടെ വിവാഹം അസാധുവാണെന്ന് കപൂര്‍ വാദിക്കുന്നു. മുതലിയാരുടെ മകന്റെ ആദ്യ ഭാര്യ 1999 ജൂണ്‍ 24-നാണ് അന്തരിച്ചത് എന്നകാര്യം ചൂണ്ടിക്കാട്ടിയാണിത്. ഈ മൂന്നുപേര്‍ക്ക് റെവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ നിയമപരമായ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും ബോണി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അത് നല്‍കാന്‍ റെവന്യൂ ഉദ്യോഗസ്ഥന് കൃത്യമായ അധികാരപരിധി ഇല്ലായിരുന്നുവെന്നും സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കോടതിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കപൂറിന്റെ ഹര്‍ജി കേട്ട ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് നാലാഴ്ചയ്ക്കുള്ളില്‍ ഒരു തീരുമാനമെടുക്കാന്‍ താമ്പരം താലൂക്ക് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

1996 ജൂണിലാണ് ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിച്ചത്. 2018 ഫെബ്രുവരിയില്‍ നടി അന്തരിച്ചു. സിനിമാ മേഖലയിലുള്ള ജാന്‍വി, ഖുഷി എന്നീ രണ്ട് പെണ്‍മക്കളാണ് അവര്‍ക്കുള്ളത്.