- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭര്‍തൃമാതാവുമായി വഴക്കിട്ട യുവതിക്ക് നേരെ ആക്രമണം; തൂണില്‍ കെട്ടിയിട്ട് മുടി മുറിച്ചു; അഴുക്കുചാലിലേക്ക് തല താഴ്ത്തി വച്ചു; അയല്‍വാസികള്‍ക്ക് എതിരെ ആരോപണം
അഗര്‍ത്തല: ത്രിപുരയിലെ ഗോമതി ജില്ലയില്‍, ഭര്‍തൃമാതാവുമായി വഴക്കിട്ട യുവതിക്ക് നേരെ ആക്രമണം. അയല്‍ക്കാര്‍ യുവതിയെ വൈദ്യുത തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം മുടി മുറിച്ചു. ഗോമതിയിലെ ഉദയ്പുരില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലാണ് പ്രചരിച്ചത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ മഞ്ജു റാണി ദാസ് (60), പുതുല്‍ റാണി ദാസ് (50), ഹമീദ ബാനു (60) എന്നീ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൈകള്‍ പിന്നില്‍ കെട്ടിയിട്ട് തല അഴുക്കുചാലിലേക്ക് താഴ്ത്തി വച്ചായിരുന്നു യുവതിക്കു നേരെ ആക്രമണം അരങ്ങേറിയത്. ഒരു സ്ത്രീ തല മുണ്ഡനം ചെയ്യുമ്പോള്‍ യുവതി നിലവിളിക്കുന്നത് പ്രചരിക്കുന്ന വിഡിയോയില്‍ കേള്‍ക്കാം. പുരുഷന്മാര്‍ ഇതു നോക്കിനില്‍ക്കുകയും വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഇരയുടെ മുടി മുറിച്ച സ്ത്രീ ബിജെപിയുടെ പ്രാദേശിക നേതാവാണെന്നാണ് ആരോപണം.
ഭര്‍തൃമാതാവ് തന്നോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി ഇര ആരോപിച്ചു. പ്രദേശവാസികള്‍ തന്റെ കൈകള്‍ ഒരു വൈദ്യുത തൂണില്‍ കെട്ടി, മുഖത്ത് കറുപ്പ് തേച്ച്, കഴുത്തില്‍ ചെരുപ്പ് മാല തൂക്കിയെന്നാണ് യുവതി പറയുന്നത്. പ്രദേശത്തെ നിരവധി സ്ത്രീകള്‍ ആക്രമണത്തില്‍ പങ്കാളികളാണെന്നും തനിക്ക് നീതി വേണമെന്നും യുവതി പറഞ്ഞു.
ആരോപണവിധേയ ആയ ബിജെപി നേതാവിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന്, അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് പൊലീസ് അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തടങ്കലില്‍ വയ്ക്കുക, പരുക്കേല്‍പ്പിക്കുക, യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റാനുള്ള ഉദ്ദേശ്യത്തോടെ ആക്രമിക്കുക, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.