- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യതലസ്ഥാനത്ത് കനത്തമഴ; യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു; പ്രളയഭീതി; മുന്നറിയിപ്പുമായി അധികൃതര്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രളയഭീതി. യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളപ്പൊക്കം അതിജീവിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഭരണകൂടം പൂര്‍ത്തിയാക്കി. ചൊവ്വാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പ് അപകട പരിധി കടന്നതോടെ ഡല്‍ഹി-എന്‍സിആറിലെ വീടുകളില്‍ വെള്ളം കയറി. വെള്ളപ്പൊക്കം ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്.
മഴ കനത്തതോടെ ഹത്‌നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും വെള്ളം തുറന്നുവിടാന്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുതുടങ്ങിയത്. അടുത്ത 32 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ജലം യമുന നദിയിലേക്ക് ഒഴുകിയെത്തും. ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത തള്ളികളയാനാകില്ല.
നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ യമുനയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തിങ്കളാഴ്ച അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍, ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതല്‍ പഴയ റെയില്‍വേ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കാന്‍ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉത്തരവിട്ടിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് തലസ്ഥാനത്ത് വിമാന സര്‍വീസുകളും തടസ്സപ്പെടുന്നുണ്ട്.