ഇന്‍ഡോര്‍: നവജാത ശിശുക്കളുടെ ഐസിയുവില്‍ എലിയുടെ കടിയേറ്റ കുഞ്ഞുങ്ങളില്‍ ഒരാള്‍ മരിച്ചു. രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും തലയിലുമാണ് എലികള്‍ കടിച്ചത്. തുടര്‍ന്ന് രണ്ട് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് രണ്ട് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മധ്യപ്രദേശിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാത ശിശുക്കള്‍ക്കായുള്ള ഐസിയുവില്‍ വച്ച് എലി കടിച്ചത്. ഒരു കുഞ്ഞിന്റെ വിരലുകളിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്. പരിക്കേറ്റ നവജാത ശിശുക്കളെ കണ്ട നഴ്‌സുമാരാണ് ആശുപത്രി അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് കുട്ടികളെ എലി കടിച്ചതായി കണ്ടെത്തിയത്.

1.2 കിലോ മാത്രം ഭാരമുണ്ടായിരുന്ന, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കുഞ്ഞാണ് മരിച്ചത്. 5-7 ദിവസം മാത്രം പ്രായമുള്ള ഈ പെണ്‍കുഞ്ഞിനെ അവളുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചതാണെന്ന് ആശുപത്രി ഡീന്‍ ഡോ. അരവിന്ദ് ഘന്‍ഗോറിയ പറഞ്ഞു. കുഞ്ഞ് മരണാസന്നയായി വെന്റിലേറ്ററിലായിരുന്നു. സെപ്റ്റിസീമിയ മൂലമാണ് കുഞ്ഞ് മരിച്ചതെന്നും എലി കടിച്ചതുകൊണ്ടല്ല മരിച്ചതെന്നും ഡോക്ടര്‍ പറയുന്നു. രണ്ടാമത്തെ കുഞ്ഞിന് ശസ്ത്രക്രിയ കഴിഞ്ഞു, ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായത്തില്‍ സുരക്ഷിതനാണെന്നും ഡോക്ടര്‍ പറഞ്ഞു.