ലഖ്‌നൗ: ഗോരഖ്പൂരിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ഖജ്‌നി സ്വദേശി മംമ്ത ചൗഹാനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിശ്വകര്‍മ ചൗഹാനെ പൊലിസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഒന്നര വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഈ ബന്ധത്തില്‍ 13വയസ്സുളള മകളുണ്ട്. യുവതി മകളോടോപ്പം ഷാപൂര്‍ പ്രദേശത്തെ ഗീത് വാടിക്ക് സമീപത്തുളള വാടകമുറിയിലാണ് താമസിച്ചിരുന്നത്. ബാങ്ക് റോഡിലുളള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഫോട്ടോ എടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ മംമ്തയെ വിശ്വകര്‍മ പിന്തുടരുകയായിരുന്നു. സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങിയെ ഉടനെ ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ശാരീരിക ഉപദ്രവത്തിലെക്ക് വഴിമാറി. കൈവശം ഒളിപ്പിച്ചിരുന്ന തോക്ക് എടുത്ത് യുവതിക്കു നേരെ വെടിവെക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.