സൂറത്ത്: ഗുജറാത്തില്‍ 11 വയസുകാരനെ കഴിഞ്ഞ ഒരു വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. അമ്രേലി ജില്ലയില്‍, ബാബ്ര താലൂക്കിലെ സ്വാകാര്യ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററും അധ്യാപകനുമായ 39 കാരന്‍ ശൈലേഷ് ഖുന്തിനെയാണ് ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

2024 മുതല്‍ സ്വകാര്യ സ്‌കൂളിലാണ് പഠിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് കുട്ടിയുടെ മാതാവും പിതാവും കുട്ടിയോട് സ്‌കൂളില്‍ പോകാന്‍ പറഞ്ഞപ്പോള്‍ കുട്ടി വിസമ്മതിക്കുകയും കരയാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് കാരണം അന്വേഷിച്ചപ്പോളാണ് അധ്യാപകന്‍ പീഡിപ്പിക്കുന്ന വിവരം കുട്ടി പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ ഇംഗ്ലീഷ് അധ്യാപകനായ ശൈലേഷ് തന്നോട് 'ചീത്ത കാര്യങ്ങള്‍' ചെയ്യുന്നു എന്നായിരുന്നു കുട്ടി അമ്മയോട് പറഞ്ഞത്.

അധ്യാപകന്‍ തന്നെ കമ്പ്യൂട്ടര്‍ ലാബിലേക്കോ, സ്‌കൂളിന്റെ പിന്‍ഭാഗത്തേക്കോ, ടെറസിലേക്കോ അതുമല്ലെങ്കില്‍ പഴയ ശുചിമുറിയിലേക്കോ വിളിപ്പിക്കുമായിരുന്നു. അവിടെ വെച്ച് ചുണ്ടില്‍ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് കുട്ടി മാതാവിനോട് പറഞ്ഞു. വീട്ടില്‍ ആരോടും ഇക്കാര്യം പറയരുതെന്നും അധ്യാപകന്‍ കുട്ടിയെ ചട്ടം കെട്ടിയിരുന്നു. പകരം തനിക്ക് ഹോം വര്‍ക്ക് തരില്ലെന്നും വഴക്കു പറയില്ലെന്നും അധ്യാപകന്‍ പറഞ്ഞതായും കുട്ടി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണയാണ് വിദ്യാര്‍ഥി പീഡനത്തിനിരയായത്.

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ബുധനാഴ്ച ശൈലേഷിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെ മറ്റ് അധ്യാപകരുടെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും മറ്റേതെങ്കിലും വിദ്യാര്‍ഥിക്കെതിരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.