- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോഗിങ്ങിനിടെ യുവതിക്കുനേരെ ലൈംഗികാതിക്രമം; റോഡ് മുറിച്ചുകടക്കവേ ദേഹത്ത് തട്ടുക മാത്രമാണ് ചെയ്തതെന്ന് യുവാവ് കോടതിയില്‍; ഒരുവര്‍ഷം തടവുശിക്ഷ
മുംബൈ: മുംബൈയില്‍ ജോഗിങ്ങിനിടെ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് ഒരുവര്‍ഷം തടവുശിക്ഷ. റോഡ് മുറിച്ചുകടക്കവേ ദേഹത്ത് തട്ടിയതാണെന്ന യുവാവിന്റെ വാദം തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്. ദുഷ്‌ചെയ്തികളെ മുളയിലേ നുള്ളിക്കളയണമെന്ന് നിരീക്ഷിച്ച മുംബൈയിലെ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 28-ന് രാത്രി എട്ടുമണിക്കാണ് സംഭവം. ജോഗിങ് ചെയ്യുകയായിരുന്ന സ്ത്രീയെ നരേഷ് കോല്‍ എന്നു പേരുള്ള യുവാവ് കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും സമീപത്തെ വനപ്രദേശത്തേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി നിലവിളിച്ചതോടെ അതുവഴിവന്ന ബൈക്ക് യാത്രികന്‍ രക്ഷയ്ക്കെത്തി. തുടര്‍ന്ന് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചു.
എന്നാല്‍ സ്ത്രീക്കെതിരേ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നാണ് വിചാരണയ്ക്കിടെ നരേഷ് കോല്‍ പറഞ്ഞത്. തന്നെ സ്ത്രീ തെറ്റിദ്ധരിച്ചതാണെന്നും അമിതവേഗത്തില്‍ വന്ന വാഹനത്തില്‍നിന്ന് രക്ഷ നേടാന്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ യുവതിയെ ഇടിച്ചതാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ പിന്നെയെങ്ങനെയാണ് സ്ത്രീക്ക് നിലവിളിക്കേണ്ട സാഹചര്യം വന്നതെന്ന് കോടതി ചോദിച്ചു. തന്നെയുമല്ല, അടുത്തുള്ള വനപ്രദേശത്തേക്ക് വലിച്ചിഴയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
കേസില്‍ നേരത്തേ അറസ്റ്റിലായ പ്രതി ഇതുവരെയായി അഞ്ചുമാസക്കാലം ജയിലില്‍ക്കഴിഞ്ഞിട്ടുണ്ട്. ഇത് ശിക്ഷാകാലാവധിയായി കണക്കാക്കും. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 74 പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ്.