ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു ജവാന് പരിക്കേറ്റു. രണ്ട് ഭീകരര്‍ വനത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ജമ്മു കശ്മീര്‍ പോലീസ്, കരസേന, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദവിരുദ്ധ നടപടിയുടെ ഭാഗമായി പ്രദേശത്തെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

പരിക്കേറ്റ ജവാനെ എയര്‍ലിഫ്റ്റ് ചെയ്ത് ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്. ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തതോടെയാണ് തിരച്ചില്‍ നടപടി ഏറ്റുമുട്ടലായി മാറിയതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.