ന്യൂഡല്‍ഹി: ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി കശ്മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കശ്മീരിലെ കുല്‍ഗാം, പുല്‍വാമ, ബാരാമുള്ള എന്നിവിടങ്ങളിലാണ് തെരച്ചില്‍ നടക്കുന്നത്. 20-ലധികം സ്ഥലങ്ങളില്‍ എന്‍ഐഎ അന്വേഷണം നടത്തും. ഭീകരരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരുമായി ബന്ധമുള്ള സ്ഥലങ്ങളാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കശ്മീരിനെ കൂടാതെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും റെയ്ഡ് നടന്നു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലും ചെന്നൈയിലെ നിരവധി സ്ഥലങ്ങളിലും എന്‍ഐഎ പരിശോധന നടത്തി. ഭീകരരും പ്രദേശവാസികളും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തമിഴ്‌നാട്ടില്‍ നിന്ന് ലഷ്‌കര്‍ ഭീകരനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ശക്തമാക്കിയത്. സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ലഷ്‌കര്‍ ഭീകരരുമായി യുവാവ് സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. ഇത് തെളിയിക്കുന്ന വിവിധ തെളിവുകളും അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ മാസമാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.