ലക്‌നൗ: ത്രിവര്‍ണ പതാകയെ അപമാനിക്കുകയും പാക്കിസ്ഥാന്‍ അനുകൂല പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തുവെന്ന കേസില്‍ മുസാഫര്‍ സ്വദേശിയായ വാസിക് ത്യാഗിയുടെ ജാമ്യാപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി. ഫേസ്ബുക് പോസ്റ്റ് പ്രകോപനപരവും, ആക്ഷേപകരവും, സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്നതും, പൊതു സമാധാനവും ക്രമസമാധാനവും തകര്‍ക്കാന്‍ ശേഷിയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് കുമാര്‍ സിങ്ങിന്റെ സിംഗ്ള്‍ബെഞ്ച് അപേക്ഷ തള്ളുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ സമൂഹത്തിന് അപകടകരമാണ് എന്നും കോടതി നിരീക്ഷിച്ചു.

2025 മെയ് 16 നാണ് വാസിക് ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തത്. ജൂണ്‍ 7ന് ത്യാഗിയെ അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയില്‍ നിന്ന് ലഭിച്ച വിശദാംശങ്ങള്‍, പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച ഐ.പി വിലാസങ്ങള്‍ എന്നിവ സ്ഥിരീകരിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു.

പാക്കിസ്ഥാനെ പിന്തുണച്ച് 'കമ്രാന്‍ ഭട്ടി പ്രൗഡ് ഓഫ് യു. പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന പോസ്റ്റും ഇന്ത്യന്‍ ദേശീയ പതാക നിലത്ത് വെക്കുകയും അതില്‍ ഒരു നായയെ ഇരുത്തുകയും ചെയ്തതായി ആരോപിക്കുന്ന മറ്റൊരു പോസ്റ്റുമാണ് എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് വാസിക് ത്യാഗിക്കെതിരെ എഫ്.ഐ.ആറില്‍ ഫയല്‍ ചെയ്തത്.

ഇന്ത്യന്‍ ദേശീയ പതാക അഭിമാനത്തിന്റെയും ദേശ സ്‌നേഹത്തിന്റെയും പ്രതീകമാണ്. അതിനെ തകര്‍ക്കുന്ന വിധത്തിലുള്ള സമീപനങ്ങള്‍ പരിഗണിക്കാന്‍ കഴിയുന്നതല്ലെന്ന് കോടതി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെയും ദേശീയ പതാകയേയും ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ഏതൊരു വ്യക്തിയും സമൂഹത്തിന് അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു.