ബംഗളൂരു: ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന രോഗിക്ക് നല്‍കാന്‍ ജീവന്‍ തുടിക്കുന്ന ഒരു ഹൃദയവുമായാണ് വെളളിയാഴ്ച രാത്രി കര്‍ണാടകയുടെ നമ്മ മെട്രോ പാഞ്ഞത്. യശ്വന്ത്പൂര്‍ മെട്രോസ്റ്റേഷനില്‍നിന്നും സൗത്ത് പരേഡ് മെട്രോസ്റ്റേഷനിലേ അപ്പോളോ ആശുപത്രിയിലേക്കായിരുന്നു ആ യാത്ര. ഏഴ് സ്‌റ്റേഷനുകള്‍ അതിവേഗം പിന്നിട്ട് ലക്ഷ്യത്തിലെത്താന്‍ എടുത്തതാവട്ടെ കേവലം ഇരുപത് മിനിറ്റ് മാത്രം.

ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് പറയുന്നത് പ്രകാരം, സ്പര്‍ശ് ആശുപത്രിയില്‍നിന്നുളള മെഡിക്കല്‍ സംഘമാണ് അവയവവുമായി രാത്രി 11.01ന് യശ്വന്ത്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയത്. മന്ത്രി സ്‌ക്വയര്‍ സാംബിഗെ റോഡില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം 11.21. വെറും 20 മിനിറ്റിനുളളില്‍ ഏഴു സ്റ്റേഷനുകളാണ് മെട്രോ പിന്നിട്ടത്. വേഗത്തിലുളള യാത്രയിലൂടേ അവയവം കാലതാമസമില്ലാതെ അപ്പോളോ ആശുപത്രിയില്‍ എത്തിക്കാനായെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസര്‍ ഹോണ്‍ ഗൗഡയുടേ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും മെട്രോ ഉദ്യോഗസ്ഥരും ദൗത്യത്തില്‍ പങ്കാളികളായി. വേഗത്തിലും സുരക്ഷിതമായും ഹൃദയം കൊണ്ടു പോകാന്‍ കഴിഞ്ഞുവെന്ന് കാട്ടി ബി.എം.ആര്‍.സി.എല്‍ വെളളിയാഴ്ച പ്രസ്താവന പുറത്തിറക്കി. ഇത്തരം ജീവന്‍ രക്ഷാദൗത്യങ്ങളെ ഇനിയും പിന്തുണക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

നമ്മ മെട്രോ വഴി ആദ്യമായല്ല അവയവം കൊണ്ടുപോകുന്നത്. ആഗസ്സ് ഒന്നിന് ഇത്തരത്തില്‍ കരള്‍ കൊണ്ടുപോകുന്നതിനും മെട്രോ ഉപയോഗിച്ചിരുന്നു. ബംഗളൂരു പോലെയുളള മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ ആവശ്യങ്ങള്‍ക്കായി പൊതുഗതാഗത സംവിധാനങ്ങളും മെഡിക്കല്‍ സംവിധാനവും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഇത് ചൂണ്ടിക്കാട്ടുന്നു.