- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നാശം വിതച്ച് മണ്‍സൂണ്‍; മണിപ്പൂരില്‍ പേമാരിയും പ്രളയവും മണ്ണിടിച്ചിലും; ജാഗ്രത നിര്‍ദേശം
ഇംഫാല്‍: ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നാശംവിതച്ച് മണ്‍സൂണ്‍. മണിപ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്ത പേമാരിയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇംഫാല്‍ ഈസ്റ്റിലെ യായ്ന്‍ഗാങ്പോക്പി, സാന്റിഖോങ്ബാല്‍, സബുങ്ഖോക്ക് ഖുനൗ, ഇംഫാല്‍ വെസ്റ്റിലെ കക്വ, സാഗോള്‍ബന്ദ് എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളില്‍ വീടുളില്‍ വെള്ളം കയറി.
ഇംഫാല്‍ നദി, നമ്പുള്‍, ഇറില്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന നദികളുടെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നെങ്കിലും ഇതുവരെ അപകടനിലയിലെത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നോണി ജില്ലയിലെ അവാങ്ഖുല്‍, സേനാപതി, കാംജോങ് എന്നീ കുന്നിന്‍ പ്രദേശങ്ങളിലെ മലയോര ജില്ലകളില്‍നിന്നും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജലവിഭവ വകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മിതമായതോ കനത്തതോ ആയ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വരും ദിവസം കൂടുതല്‍ മഴ പെയ്യുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.