ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്. വിജയ് പുറത്തിറങ്ങില്ലെന്ന നുണക്കഥകള്‍ പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ വിലപിക്കുന്നു. സ്റ്റാലിന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് കത്ത് അയച്ചതിനെതിരെയും വിജയ് വിമര്‍ശനം ഉന്നയിച്ചു. പേരു പറയാതെ പുതിയ എതിരാളികള്‍ എന്ന് കാട്ടി പ്രവര്‍ത്തകര്‍ക്ക് കത്തയക്കുന്നു. കത്തില്‍ കാണുന്നത് ദുഖവും നിരാശയും വിലാപവുമെന്നും വിജയ് പറഞ്ഞു.

ഡിഎംകെ സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വിജയ് തുറന്ന കത്തയച്ചു. പഴയത് ഉപേക്ഷിച്ച് പുതിയത് സ്വീകരിക്കുന്നത് ആണ് തമിഴ് പാരമ്പര്യമെന്ന് വിജയ് പറഞ്ഞു. എംജിആറിനെതിരെയും ഡിഎംകെ വെറുപ്പ് പ്രകടിപ്പിച്ചു. എംജിആര്‍ രാഷ്ട്രീയ നിരക്ഷരന്‍ എന്നും ഗ്ലാമറിനോട് മാത്രം താല്പര്യം ഉള്ളയാള്‍ എന്നും ഡിഎംകെ അധിക്ഷേപിച്ചുവെന്ന് വിജയ് ആരോപിച്ചു.

എന്നും വെറുപ്പിന്റെ തീ ആളിക്കത്തിക്കുന്നത് ഡിഎംകെയാണെന്നും ഇവര്‍ എന്നെങ്കിലും മാറുമോ എന്നും വിജയ് ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് വന്‍ ജനക്കൂട്ടത്തെ അണിനിരത്തി വിജയ് തിരുച്ചിറപ്പള്ളിയില്‍ തുടക്കമിട്ടിരുന്നു.

ഡിഎംകെ സര്‍ക്കാര്‍ പ്രധാനവാഗ്ദാനങ്ങള്‍ പോലും നടപ്പിലാക്കിയില്ലെന്ന വിജയ്യുടെ വിമര്‍ശനത്തിന് മറുപടിയുമായി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. 505 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നാനൂറിലധികം നടപ്പിലാക്കി. എഴുപതില്‍ കൂടുതല്‍ പദ്ധതികള്‍ നടന്നുവരുന്നു. ചിലര്‍ ഇതൊന്നും കാണാതെ കള്ളം പറഞ്ഞുനടക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്ളതതിനേക്കാള്‍ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

തെക്കേ ഇന്ത്യയിലെ മാധ്യമങ്ങള്‍ പോലും ദ്രാവിഡ മോഡലിനെ പുകഴ്ത്തുന്നു. ഇത് ചിലര്‍ക്ക് അറിയില്ല. അറിഞ്ഞാലും മറച്ചുവയ്ക്കുന്നു. തത്വം ഇല്ലാത്ത ഒരുകൂട്ടമുണ്ട്. അവരുടേത് വിലകുറഞ്ഞ രാഷ്ട്രീയം അദ്ദേഹം പറഞ്ഞു. വിജയ്യെയോ ടിവികെയെയോ പരാമര്‍ശിക്കാതെയാണ് സ്റ്റാലിന്റെ വാക്കുകള്‍. എടപ്പാടി പളനിസ്വാമിയുടെ വിമര്‍ശനത്തിന് മറുപടി എന്ന നിലയിലാണ് പരാമര്‍ശം.