ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 'വോട്ട് ചോര്‍ത്തല്‍' ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. വോട്ട് മോഷണത്തിനുള്ള വോട്ട് ചോരി മെഷീനിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേല്‍നോട്ടം വഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ മൊയ്ത്ര 'എക്‌സി'ല്‍ എഴുതി.

ഭരണഘടന നശിപ്പിക്കുകയും ഇന്ത്യയിലെ ജനാധിപത്യത്തെ കൊലപ്പെടുത്തുകയും ചെയ്യുന്നവരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കുന്നുവെന്ന് കര്‍ണാടകയിലെ ആലന്ദ് നിയോജകമണ്ഡലത്തില്‍ നിന്നുള്ള ഡാറ്റയുടെ ശേഖരമായ 'ദി അലന്ദ് ഫയല്‍സ്' അവതരിപ്പിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

സോഫ്റ്റ്വെയര്‍ വഴിയും കോള്‍ സെന്ററിലൂടെയും അലന്ദില്‍ 6,018 വോട്ടര്‍മാരെ ഇല്ലാതാക്കിയതായും രാഹുല്‍ പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് എം.പിയുടെ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവും ആണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിക്കളഞ്ഞു. അതേസമയം, 2023 ല്‍ അലന്ദില്‍ വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ' ചില പരാജയപ്പെട്ട ശ്രമങ്ങള്‍' ഉണ്ടായിരുന്നുവെന്നത് സമ്മതിച്ചു.