- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീയെനിക്ക് അനുജന്'' ; റോബോ ശങ്കറിന്റെ വിയോഗത്തില്‍ വികാരാധീനനായി കമല്‍ ഹാസന്‍; സങ്കടം സഹിക്കാനാവാതെ മകള്‍; വൈകാരിക നിമിഷങ്ങള്‍
ചെന്നൈ: അന്തരിച്ച നടന്‍ റോബോ ശങ്കറിനെ അവസാനമായി കാണാന്‍ കമല്‍ഹാസന്‍ എത്തിയപ്പോള്‍ വൈകാരികമായ രംഗങ്ങള്‍. വലസാരവാക്കത്തെ വസതിയില്‍ റോബോ ശങ്കറിനെ അവസാനമായി കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. ആരാധകരും പൊതുജനങ്ങളും കുടുംബവും സുഹൃത്തുക്കളുമായി ഒട്ടേറെപ്പേര്‍ റോബോ ശങ്കറിനെ കാണാനെത്തി. കമല്‍ഹാസന്റെ കടുത്ത ആരാധകനായാണ് റോബോ ശങ്കറിനെ വിശേഷിപ്പിക്കപ്പെടുന്നത്. വീട്ടിലെത്തിയ കമല്‍ഹാസന്‍ റോബോ ശങ്കറിന്റെ മൃതദേഹത്തില്‍ പുഷ്പഹാരം സമര്‍പ്പിച്ചു. റോബോ ശങ്കറിന്റെ അകാലവിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന കുടുംബത്തെ കമല്‍ഹാസന്‍ ആശ്വസിപ്പിച്ചു.
കമല്‍ഹാസന്‍ വീട്ടിലെത്തിയ ഉടനെ വൈകാരികമായി ആയിരുന്നു റോബോ ശങ്കറിന്റെ മകള്‍ ഇന്ദ്രജ ശങ്കര്‍ പ്രതികരിച്ചത്. കമല്‍ഹാസനെ കണ്ട് ഇന്ദ്രജ ദുഃഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. 'കണ്ണ് തുറക്ക് അപ്പാ. ആരാ വന്നതെന്ന് നോക്ക്, നിങ്ങളുടെ ആണ്ടവര്‍ കാണാന്‍ വന്നിരിക്കുന്നു', എന്ന് കൊണ്ടുള്ള ഇന്ദ്രജയുടെ കരച്ചില്‍ മറ്റുള്ളവരേയും വൈകാരികമായി ഉലച്ചു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ശങ്കര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കമല്‍ഹാസന്റെ കടുത്ത ആരാധകനായി അറിയപ്പെടുന്ന റോബോ ശങ്കര്‍, അദ്ദേഹത്തിനൊപ്പം ഒരു ചിത്രം എന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിടവാങ്ങിയത്.
നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ എക്സില്‍ കമല്‍ഹാസന്‍ വൈകാരിക കുറിപ്പ് പങ്കുവെച്ചു. തമിഴില്‍ കൊമേഡിയനായും സ്വഭാവ നടനായും നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ റോബോ ശങ്കര്‍ കമലിന്റെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു. താരത്തെ സ്മരിച്ച് കൊണ്ട് എക്സില്‍ പങ്കുവെച്ച കുറിപ്പ് ഇതിനകം 7 ലക്ഷം പേര് വായിച്ചിട്ടുണ്ട്.
''റോബോ ശങ്കര്‍, റോബോ എന്നത് ചെല്ലപ്പേരാണ്, എന്റെ നിഘണ്ടുവില്‍ നീ മനുഷ്യന്‍ ആണ്, അതുകൊണ്ട് എന്റെ അനുജനുമാണ്. നീയെന്നെ വിട്ട് പോകുകയോ? നീ നിന്റെ ജോലി ചെയ്യാന്‍ പോയി അതിനാല്‍ എന്റെ ജോലി നിന്ന് പോയി. നാളെയെ ഞങ്ങള്‍ക്ക് തന്നിട്ട് നീ പോയി അതിനാല്‍, നാളെ നമുക്കാണ്'' കമല്‍ ഹാസന്‍ കുറിച്ചു.
സ്റ്റാന്‍ഡപ്പ് കൊമേഡിയനായും മിമിക്രി ആര്‍ട്ടിസ്റ്റായും കരിയര്‍ തുടങ്ങിയ റോബോ ശങ്കര്‍ കമല്‍ ഹാസന്റെ ശബ്ദം പല വേദികളിലും അനുകരിക്കുമായിരുന്നു. ഉലകനായകനോടുള്ള തന്റെ അടങ്ങാത്ത ആരാധനയെക്കുറിച്ചും പലവട്ടം റോബോ ശങ്കര്‍ മനസ് തുറന്നിട്ടുണ്ട്. ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലെല്ലാം അദ്ദേഹം കമല്‍ ഹാസനെ ചെന്ന് കണ്ട് അനുഗ്രഹവും ഉപദേശവും വാങ്ങാറുണ്ടായിരുന്നു,
ബിഗില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റോബോ ശങ്കറിന്റെ മകള്‍ ഇന്ദ്രജ ശങ്കറിന് കുഞ്ഞ് ജനിച്ചപ്പോള്‍ കമല്‍ ഹാസന്റെ അരികിലെത്തി അനുഗ്രഹം വാങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പുലി, വിശ്വാസം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോബോ ശങ്കര്‍ ഏറെ നാളായി വൃക്ക രോഗ ബാധിതനായിരുന്നു. കൂടാതെ അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന റോബോ ശങ്കര്‍ രോഗമുക്തി നേടി ചെന്നൈയില്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.