ഭോപ്പാല്‍: അമ്മയുടെ കണ്‍മുന്നില്‍ എട്ടു വയസുകാരിയെ പുലി കടിച്ചു കൊന്നു. അമ്മയ്‌ക്കൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊണ്ട് പോവുക ആയിരുന്നു. കഴുത്തിന് ഇരുവശവും മുറിവേറ്റ കുട്ടി ഉടന്‍ മരിച്ചു. മധ്യപ്രദേശിലെ ഭര്‍വാനി ജില്ലയിലെ കീര്‍ത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത എന്ന പെണ്‍കുട്ടിയാണു കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

അമ്മയും മറ്റ് കൃഷിക്കാരും പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെയാണ് പുലി എത്തിയത്. കുഞ്ഞ് ഗീതയെ കഴുത്തില്‍ കടിച്ചെടുത്തു കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഇതോടെ, ഗീതയുടെ അമ്മയും മറ്റുള്ളവരും ശബ്ദമുണ്ടാക്കി പിന്നാലെ ഓടി. അല്‍പം അകലെ ഗീതയെ സാരമായി മുറിവേറ്റ നിലയില്‍ കണ്ടെത്തി. ഉടന്‍ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴുത്തിന്റെ ഇരുവശവും പുലി കടിച്ചു പറിച്ചു.

വനം വകുപ്പ് നടത്തിയ തിരച്ചിലില്‍ പുലിയുടെ സ്ഥാനം തിരിച്ചറിയാനായിട്ടുണ്ടെന്നു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ആശിഷ് ബന്‍സോദ് പറഞ്ഞു. സ്ഥലത്ത് കൂടുകളും കാമറകളും സ്ഥാപിച്ചു. മുഴുവന്‍ സമയവും പട്രോളിങ്ങും നടത്തുന്നുണ്ട്. മേഖലയില്‍ കഴിഞ്ഞ ദിവസം പുലി ഒരു ആടിനെ പിടികൂടിയിരുന്നു.