നാരായണ്‍പുര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉന്നത മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിലൂടെ സുരക്ഷാ സേനയെ അഭിനന്ദിച്ചു. നക്‌സലൈറ്റുകള്‍ക്കെതിരെ നമ്മുടെ സുരക്ഷാ സേന ഇന്ന് മറ്റൊരു വലിയ വിജയം നേടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ടിരുന്നു.

മഹാരാഷ്ട്രയോട് ചേര്‍ന്നുള്ള അബുജ്മദ് വനമേഖലയില്‍ തിങ്കളാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോവാദികളുടെ നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് നാരായണ്‍പുര്‍ പോലീസ് സൂപ്രണ്ട് റോബിന്‍സണ്‍ ഗുരിയ പറഞ്ഞു.