- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതചിഹ്നങ്ങള്‍ ഉയര്‍ത്തിയുള്ള റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍; ദളിത് പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ഉയര്‍ച്ചയ്ക്ക് എതിരെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍
ലക്‌നൗ: സംസ്ഥാനത്ത് മതചിഹ്നങ്ങള്‍ ഉയര്‍ത്തിയുള്ള റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പോലീസ് രേഖകളിലും പൊതുസ്ഥലങ്ങളിലും ജാതി വ്യക്തമാക്കുന്ന എഴുത്തുകളോ സൂചനകളോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ജാതി ചിഹ്നങ്ങളുടെ ദുരുപയോഗം ദേശവിരുദ്ധവും ഭരണഘടനയുടെ അന്തസ്സിന് ചേര്‍ന്നതല്ലെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഉത്തരവ് ദളിത് പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ഉയര്‍ച്ചയ്ക്ക് എതിരാണെന്ന് ചൂണ്ടികാട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.
എഫ്‌ഐആര്‍, അറസ്റ്റ് വാറന്റ്, പോലീസ് സ്റ്റേഷന്‍ രേഖകള്‍ എന്നിവയില്‍ നിന്ന് ജാതി പേരുകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാതി അടിസ്ഥാനത്തില്‍ റാലികള്‍ നിരോധിച്ചുകൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൂടാതെ എഫ്‌ഐആര്‍, അറസ്റ്റ് വാറന്റ്, പോലീസ് സ്റ്റേഷന്‍ രേഖകള്‍ എന്നിവയില്‍ നിന്ന് ജാതി പേരുകള്‍ ഒഴിവാക്കണമെന്നും പൊലീസിന് നിര്‍ദേശം നല്‍കി.
പകരം ആളെ തിരിച്ചറിയാന്‍ രക്ഷിതാക്കളുടെ പേര് ചേര്‍ക്കണം. കൂടാതെ ജാതി വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ വാഹനങ്ങളിലെ സ്റ്റിക്കറുകള്‍ എന്നിവ ഉള്‍പ്പെടെ നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. ചീഫ് സെക്രട്ടറി ദീപക് കുമാറാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ജാതി വിവേചനം സൂചിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കും. അതേസമയം ജാതി ഉപയോഗിക്കേണ്ടിവരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തില്‍ ഈ രീതി ബാധകമാവില്ല.
അത്തരം കേസുകളില്‍ ജാതി ഉപയോഗിക്കാവുന്നതാണ്. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ ദളിത് പിന്നോക്ക വിഭാഗക്കാരെ അടിച്ചമര്‍ത്താനുള്ള യുപി സര്‍ക്കാരിന്റെ ശ്രമമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ ബിജെപി ഇത്തരം റാലികളും യോഗങ്ങളും നടത്തിയിരുന്നു എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പിന്നോക്ക വിഭാഗക്കാരുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. എന്നാല്‍ കോടതി ഉത്തരവിന്‍മേലുള്ള നടപടി എന്നാണ് സര്‍ക്കാര്‍ വാദം.