തിരുവനന്തപുരം: ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇനി ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാവും. തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടലും ആപ്പും വഴിഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കം ചെയ്യാനും ഇത് ആവശ്യമാവും. വോട്ടര്‍ ഐഡി നമ്പറുമായി ആരുടെയെങ്കിലും ഏതെങ്കിലും ഒരു ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ച ശേഷം ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കാനും പരിഷ്‌കരിക്കാനും കഴിയുന്ന സാഹചര്യമാണ് ഇല്ലാതെയാകുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനായി അവരുടെ ഇസിനെറ്റ് പോര്‍ട്ടലില്‍ 'ഇ-സൈന്‍' ഫീച്ചര്‍ അവതരിപ്പിച്ചു. ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധിച്ചാവും ഫോമുകള്‍ പൂരിപ്പിക്കുക. അപേക്ഷയ്ക്കായി ഉപയോഗിക്കുന്ന വോട്ടര്‍ കാര്‍ഡിലെ പേര് ആധാറിലുള്ളതിന് തുല്യമാണെന്നും അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാന്‍ പോര്‍ട്ടല്‍ അപേക്ഷകന് മുന്നറിയിപ്പ് നല്‍കുന്നു. ഈ സവിശേഷ ഘട്ടമാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

അപേക്ഷകര്‍ ഫോം പൂരിപ്പിച്ച ശേഷം, കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് (CDAC) ഹോസ്റ്റ് ചെയ്യുന്ന ബാഹ്യ ഇ-സൈന്‍ പോര്‍ട്ടലിലേക്ക് എത്തും. CDAC പോര്‍ട്ടലില്‍, അപേക്ഷകന്‍ അവരുടെ ആധാര്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ഒരു 'ആധാര്‍ OTP' സൃഷ്ടിക്കുകയും വേണം. അവിടെ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് OTP അയയ്ക്കും.

അപേക്ഷകന്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിന് സമ്മതം നല്‍കുകയും സ്ഥിരീകരണം പൂര്‍ത്തിയാക്കുകയും വേണം. അത് പൂര്‍ത്തിയായതിനു ശേഷം ഫോം സമര്‍പ്പിക്കാന്‍ അപേക്ഷകനെ ECINet പോര്‍ട്ടലിലേക്ക് തിരികെ കൊണ്ടുപോകും. ഇങ്ങനെയാണ് സൈറ്റിലെ ക്രമീകരണം. വോട്ടര്‍ പട്ടികയിലെ പേര് വെട്ടല്‍/എതിര്‍പ്പ്/തിരുത്തല്‍ എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ റൂട്ടിന് (ECINet വഴി) നിര്‍ബന്ധിത സ്വഭാവം ഉണ്ട്. എന്നാല്‍ ഇത് ഓഫ്ലൈന്‍ അല്ലെങ്കില്‍ പേപ്പര്‍ അധിഷ്ഠിത പ്രക്രിയകള്‍ക്ക് ബാധകമായിട്ടില്ല. ഇത് സംബന്ധിച്ച് വ്യക്തതയില്ല.

ബിഹാറില്‍ വോട്ടര്‍ പട്ടികയുടെ തീവ്രപുന പരിശോധന നടത്തിയപ്പോള്‍ ആധാര്‍ ആധികാരിക രേഖയല്ല എന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. പലതവണ ഇത് സംബന്ധിച്ച് സുപ്രീം കോടതിക്ക് മുന്നറിയിപ്പ് നല്‍കേണ്ടി വന്ന സാഹചര്യം ഉണ്ടായി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ ആധാര്‍ കാര്‍ഡും സാങ്കേതികമായി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ആവശ്യമായ രേഖയായി മാറുകയാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം 6 പൂരിപ്പിക്കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് എതിര്‍ക്കുന്നതിനും പേര് നീക്കം ചെയ്യുന്നതിനും ഫോം 7 ഉപയോഗിക്കുന്നു. തിരുത്തല്‍ വരുത്തുന്നതിന് ഫോം 8 ഉപയോഗിക്കുന്നു. കമ്മീഷന്റെ പുതിയ വെബ് സൈറ്റ് ക്രമീകരണ പ്രകാരം ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ഇനി ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു.