ന്യൂഡല്‍ഹി: ലഡാക്കില്‍ സമാധാനം ഉറപ്പാക്കാന്‍ കഴിയാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. സോനം വാങ്ചുക്കിന്റെ ഒരു വിഡിയോ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതാദ്യമായല്ല സുബ്രമണ്യന്‍ സ്വാമി അമിത് ഷായെ വിമര്‍ശിക്കുന്നത്. നേരത്തെ യുട്യൂബ് ചാനലിന് നല്‍കിയ പോഡ്കാസ്റ്റിലും സുബ്രമണ്യന്‍ സ്വാമി അമിത് ഷായെ വിമര്‍ശിച്ചിരുന്നു.

അമിത് ഷാ ആളുകളെ കൊന്നിട്ടുണ്ടെന്ന് ബി.ജെ.പിയിലെ അംഗങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു സുബ്രമണ്യന്‍ സ്വാമിയുടെ പരാമര്‍ശം. കൊലപാതക കേസിലെ പ്രതിയെ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

പ്രധാനമന്ത്രിയായപ്പോള്‍ മോദിയുടെ സ്വഭാവത്തില്‍ ആകെ മാറ്റം വന്നുവെന്നായിരുന്നു സുബ്രമണ്യന്‍ സ്വാമിയുടെ പരാമര്‍ശം. അരുണ്‍ ജെയ്റ്റ്‌ലി മോദിയുടെ മാനേജറെ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും ബി.ജെ.പിക്ക് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ ഇല്ലാത്തതിനാലാണ് അദ്ദേഹത്തെ നേതാവാക്കിയതെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ലഡാക്ക് പ്രക്ഷോഭത്തിന്റെ പേരില്‍ അദ്ദേഹം അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.