- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണ വിരുന്നില്‍ ഒരു ചിക്കന്‍ പീസ് അധികമായി ചോദിച്ചതിന് തര്‍ക്കം; കൂട്ടത്തല്ല്; 15 കാരന് ദാരുണാന്ത്യം; അക്രമികള്‍ രക്ഷപ്പെട്ടു
കനൗജ്: കല്യാണ വിരുന്നില്‍ ഒരു ചിക്കന്‍ പീസ് അധികമായി ചോദിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ കൂട്ടത്തല്ലില്‍ 15കാരന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ കനൗജിലാണ് സംഭവം. ഒരു ചിക്കന്‍ കാല്‍ അധികമായി ചോദിച്ച മുത്തച്ഛനെ പിന്തുണച്ച് സംസാരിച്ചതിന് പിന്നാലെയാണ് 15കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
വിവാഹ ചടങ്ങുകളുടെ ഭാഗമായ വിരുന്നില്‍ 15കാരനൊപ്പമുണ്ടായിരുന്ന 65കാരനായ മുത്തച്ഛന്‍ ഒരു ചിക്കന്‍ പീസ് അധികമായി ചോദിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. 65കാരനെ വിരുന്ന് നടത്തിയവര്‍ വലിയ രീതിയില്‍ പരിഹസിക്കാനും പൊതുജന മധ്യത്തില്‍ അപമാനിക്കാനും ശ്രമിച്ചതിനെ 15കാരന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 15കാരനെ അക്രമി സംഘം കട്ട കൊണ്ട് ആക്രമിച്ച് കൊന്നത്. നെഞ്ചിലും പുറത്തും കട്ട കൊണ്ടുള്ള ഇടിയേറ്റാണ് 15കാരന്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ് തളര്‍ന്ന് വീണ 15കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
15കാരനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ആക്രമിച്ചവര്‍ വിവാഹ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തില്‍ 15കാരന്റെ പിതാവിനും ഉറ്റബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. കനൗജ് പൊലീസ് സൂപ്രണ്ട് വിനോദ് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിര്‍വ കുല്‍വീര്‍ സിംഗ്, ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സഞ്ജയ് കുമാര്‍ ശുക്‌ള അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയാണ് സംഭവം മറ്റ് രീതിയിലുള്ള പ്രതിഷേധങ്ങളിലേക്ക് പോകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചത്.