ന്യൂഡല്‍ഹി: സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണമെന്നും ആയുധം വച്ച് കീഴടങ്ങിയാല്‍ പൊലീസ് വെടി വയ്ക്കില്ലെന്നും മാവോയിസ്റ്റുകളോട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പുറത്തിറക്കിയ കുറിപ്പിനോടാണ് അമിത് ഷായുടെ പ്രതികരണം. ഔപചാരികമായ വെടിനിര്‍ത്തലിന്റെ സാധ്യത തള്ളി അമിത് ഷാ ക്കളഞ്ഞു.

'ഇതുവരെ സംഭവിച്ചതെല്ലാം തെറ്റാണെന്നും വെടിനിര്‍ത്തല്‍ വേണമെന്നും കീഴടങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കാട്ടി ഒരു കത്ത് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വെടിനിര്‍ത്തലുണ്ടാകില്ല. അവര്‍ക്ക് കീഴടങ്ങണമെങ്കില്‍ വെടിനിര്‍ത്തലിന്റെ ആവശ്യമില്ല. നിങ്ങളുടെ ആയുധംവെച്ച് കീഴടങ്ങുക. പോലീസ് നിങ്ങള്‍ക്കുനേരെ ഒരു വെടി പോലുമുതിര്‍ക്കില്ല'', അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റ് വക്താവ് മല്ലുജോള വേണുഗോപാല്‍ എന്ന അഭയ് പുറത്തിറക്കിയതെന്ന് കരുതപ്പെടുന്ന കത്ത് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

നക്‌സല്‍ അക്രമം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വ്യക്തമായ കാഴ്ചപ്പാടും തന്ത്രവും പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം 'നക്‌സല്‍ മുക്ത് ഭാരത്' സെഷനില്‍ പറഞ്ഞു.'2026 മാര്‍ച്ച് 31 ആകുമ്പോഴേക്കും അക്രമാസക്തമായ നക്‌സലിസം തുടച്ചുനീക്കപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,'- പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആഭ്യന്തര സുരക്ഷാ വെല്ലുവിളി അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ സമയപരിധി നിശ്ചയിച്ചുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു.

സായുധ പോരാട്ടം അവസാനിപ്പിക്കുകയാണെന്നും കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായും കത്തില്‍ പറയുന്നു. കത്തിന്റെയും ഇതോടൊപ്പം പുറത്തിറങ്ങിയ ഒരു ശബ്ദശകലത്തിന്റെയും ആധികാരികത ചത്തീസ്ഗഢ് ആഭ്യന്തര മന്ത്രി വിജയ് ശര്‍മ സ്ഥിരീകരിച്ചിട്ടുണ്ട്. പോരാട്ടം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ച സ്ഫോടക വസ്തുക്കള്‍ നീക്കംചെയ്ത് വിശ്വാസ്യത ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സേനയുടെ ഭാഗത്തുനിന്ന് മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.