ന്യൂഡല്‍ഹി: സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓള്‍ ലഡാക്ക് സ്റ്റുഡന്‍സ് അസോസിയേഷനാണ് നിവേദനം നല്‍കിയത്. ലഡാക്കില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശം നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.

ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തത്. സ്വദേശമായ ഉലിയക്തോപോയില്‍നിന്നാണ് പോലീസ് അദ്ദേഹത്തെ കൊണ്ടുപോയത്. ദേശസുരക്ഷാ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ലഡാക്കിനു സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെത്തുടര്‍ന്നുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. വാംഗ്ചുക്കിന്റെ പ്രകോപനപ്രസംഗങ്ങളാണു സംഘര്‍ഷത്തിനു കാരണമായതെന്നാണു കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നത്.