ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ ഹരിയാന മേവാത് സ്വദേശി അറസ്റ്റില്‍. വിദേശ വിസ സേവനം നടത്തുന്നതിന്റെ മറവിലാണ് ഇയാള്‍ പാകിസ്ഥാന് വിവരങ്ങള്‍ കൈമാറിയതെന്നാണ് വിവരം. തൗഫീഖ് എന്നാണ് പിടിയിലായ വ്യക്തിയുടെ പേര്. പല്‍വാല്‍ പൊലീസിന്റെ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഇയാളെ പിടികൂടിയത്. മേവാത്തിനടുത്ത് ഹാത്തിന്‍ ബ്ലോക്കിലെ അലിമേവ് എന്ന ഗ്രാമത്തിലെ താമസക്കാരനാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ഇയാള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. പ്രതിയുടെ ഫോണില്‍ നിന്നും കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ 2022 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായും അതിര്‍ത്തി മേഖലയിലുള്ള ആളുകളുമായി ഇയാള്‍ സമ്പര്‍ക്കം നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു.

പാകിസ്ഥാനിലേക്ക് പോകാന്‍ നിരവധി പേര്‍ക്ക് വിസ സഹായം ലഭ്യമാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും ഹരിയാന പൊലീസുമാണ് കേസ് അന്വേഷിക്കുന്നത്. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ നിലയിലായിരുന്നുവെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.