ന്യൂഡല്‍ഹി: ആര്‍എസ്എസ് നൂറാം വാര്‍ഷിക ആഘോഷത്തില്‍ മുഖ്യാതിഥി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അമ്മ. ഒക്ടോബര്‍ 5ന് നടക്കുന്ന വിജയദശമി ആഘോഷത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അമ്മ കമല്‍ത്തായി ഗവായിയെ രാഷ്ട്രീയ സ്വയംസേവക് സംഘം മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ വൈകുന്നേരം 6.30നാണ് ആര്‍എസ്എസ് വിജയദശമി ആഘോഷം നടത്തുന്നത്. ഔദ്യോഗിക ക്ഷണക്കത്തില്‍ സിജെഐയുടെ മാതാവിനെയാണ് മുഖ്യാതിഥിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ ഗവര്‍ണറും വിദര്‍ഭയിലെ റിപ്പബ്ലിക്കന്‍, അംബേദ്കറൈറ്റ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന അന്തരിച്ച ആര്‍ എസ് ഗവായിയുടെ ഭാര്യയാണ് കമല്‍ത്തായി ഗവായി. ഡോ. ബാബാസാഹേബ് അംബേദ്കര്‍ സ്മാരക സമിതി, ദീക്ഷാഭൂമി എന്നിവയുടെ പ്രസിഡന്റായി ആര്‍ എസ് ഗവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബുദ്ധ സ്മാരകം നിര്‍മ്മിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. ഇവരുടെ മകന്‍ രാജേന്ദ്ര ഗവായി നിലവില്‍ ഈ കമ്മിറ്റിയിലെ അംഗമാണ്.

ഈ വര്‍ഷത്തെ വിജയദശമി ആഘോഷം ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തിന്റെ ആരംഭം കുറിക്കും. 2025ലെ വിജയദശമി മുതല്‍ 2026ലെ വിജയദശമി വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 1925 ല്‍ കെ ബി ഹെഡ്ഗെവാര്‍ നാഗ്പൂരില്‍ സ്ഥാപിച്ച ഈ സംഘടന ഈ വര്‍ഷം 100 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ നൂറ്റാണ്ടിനിടയില്‍, ഇന്ത്യയിലുടനീളമുള്ള ശാഖകളുടെ വിപുലമായ ശൃംഖലയും വിദേശത്തും സജീവമായ സാന്നിധ്യവുമുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിലൊന്നായി ആര്‍എസ്എസ് വളര്‍ന്നു.