ഷിംല: സൈനികനായിരുന്ന ആശിഷ് കുമാര്‍ രാജ്യസേവനത്തിനിടെ വീരമൃത്യുവരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു സഹോദരിയുടെ വിവാഹം. എന്നാല്‍ ആ ആഗ്രഹം നടക്കും മുന്നേ ആശിഷ് ഈ ലോകത്തോട് വിടപറഞ്ഞു. ഇതുമനസ്സിലാക്കിയ സഹപ്രവര്‍ത്തകരായ പട്ടാള ഉദ്യോഗസ്ഥര്‍ കൂട്ടമായി എത്തി ആശിഷ് കുമാറിന്റെ ആഗ്രഹം മനോഹരമായി നിര്‍വഹിച്ചു.

വിവാഹ മണ്ഡപത്തിലേക്ക് വധുവിനെ ആനയിക്കാന്‍ യൂണിഫോമില്‍ പട്ടാള ഉദ്യോഗസ്ഥര്‍ അണിനിരന്നപ്പോള്‍ ആ കാഴ്ച ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. ഹിമാചല്‍ പ്രദേശിലിലെ സിര്‍മൗര്‍ ജില്ലയിലെ ഭര്‍ലി ഗ്രാമത്തില്‍ ആരാധന എന്ന യുവതിയുടെ വിവാഹത്തിനാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാനെത്തിയത്. മകന്റെ സുഹൃത്തുക്കളായ പട്ടാളക്കാര്‍ മുന്നില്‍ നിന്നും വിവാഹം നടത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ക്കും അത് വൈകാരിക മൂഹൂര്‍ത്തമായി.

കഴിഞ്ഞ വര്‍ഷം അരുണാചല്‍ പ്രദേശില്‍ സൈനിക നടപടികള്‍ക്കിടെയാണ് ആശിഷ് കുമാര്‍ വീരമൃത്യു വരിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പട്ടാളം വിവാഹ ചടങ്ങിനെത്തിയത്. വിവാഹ സമ്മാനമായി സ്ഥിര നിക്ഷേപത്തിന്റെ രേഖയും പട്ടാള ഉദ്യോഗസ്ഥര്‍ കൈമാറി. സഹോദരന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.