ബീഡ്: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ നാലുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. അമോല്‍ സോനാവനെയാണ് മകനെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മധ്യപ്രദേശിലെ ബീഡ് ജില്ലയിലാണ് സംഭവം. പിങ്ക് ടീഷര്‍ട്ടും ഡയപ്പറും ധരിച്ച കുഞ്ഞിന്റെ മൃതദേഹം കമിഴ്ന്ന്കിടക്കുന്ന നിലയിലാണ് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഒപ്പം പ്ലാസ്റ്റിക് മഗും കണ്ടെത്തി.

അമോലിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തല്‍വാര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുന്‍പും യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം വഴക്ക് രൂക്ഷമായതിന് പിന്നാലെ അമോല്‍ ഭാര്യയുമായി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബന്ധുക്കളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഇരുവരും രക്ഷപെട്ടു. ചികില്‍സ പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് അമോലിനെയും ഭാര്യയെയും ആശുപത്രിയില്‍ നിന്ന് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് അമോല്‍ ജീവനൊടുക്കിയത്.