ഗ്വാളിയോര്‍: അവിഹിതബന്ധം ആരോപിച്ച് യുവതിയുടെ മൂക്ക് മുറിച്ചെടുത്ത് ഭര്‍ത്താവിന്റെ പ്രതികാരം. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന 35-കാരിയായ യുവതിയാണ് ആക്രമണത്തിനിരയായത്. താന്‍സന്‍ നഗറിലെ ഒരു പ്രാദേശിക ഡയറിയിലേക്ക് ജോലിക്ക് പോകുന്ന വഴി ഒരു ഹോട്ടലിന് സമീപം വെച്ചാണ് ആക്രമണം നടന്നത്.

രാംതാപുര സ്വദേശിയും നിലവില്‍ ചാര്‍ ഷഹര്‍ നാക്കയില്‍ വാടകയ്ക്ക് താമസിക്കുകയുമായ യുവതി ജോലിസ്ഥലത്തേക്ക് നടന്നുപോകുമ്പോള്‍ ഭര്‍ത്താവ് അവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് അസഭ്യം പറയുകയും അവിഹിതബന്ധം ആരോപിക്കുകയും ചെയ്തു. യുവതി ഇതിനെ എതിര്‍ത്തപ്പോള്‍, കഴുത്തില്‍ പിടിച്ച് കത്തി ഉപയോഗിച്ച് ആക്രമിച്ച് മൂക്ക് മുറിക്കുകയുമായിരുന്നു. യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലാക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവ് പതിവായി തന്നെ സംശയിക്കുകയും വഴക്കിടുകയും ചെയ്തിരുന്നതായും, ഇതിനെത്തുടര്‍ന്നാണ് മകളോടൊപ്പം മാറിത്താമസിക്കാന്‍ നിര്‍ബന്ധിതയായതെന്നും യുവതി പരാതിയില്‍ പറഞ്ഞു. പ്രതി നിലവില്‍ ഒളിവിലാണെന്നും, അയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തിവരികയാണെന്നും ഗ്വാളിയോര്‍ പോലീസ് അറിയിച്ചു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് അറിയിച്ചു.