ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് ഭാര്യവീട്ടിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. റായ്ബറേലിയില്‍ ഹരിഓം എന്ന യുവാവിനെയാണ് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദിച്ചത്. ഫത്തേപൂരിലെ ഭാര്യവീട് സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു ഹരിഓം. ഈ യാത്രക്കിടെയാണ് അദ്ദേഹത്തെ നാട്ടുകാര്‍ തടഞ്ഞതും ഡ്രോണ്‍ മോഷ്ടാവായി ചിത്രീകരിച്ച് ആക്രമിച്ചതും. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

'ഡ്രോണ്‍ ചോര്‍' എന്നാണ് സാങ്കല്‍പ്പിക മോഷ്ടാവിന് നാട്ടുകാര്‍ നല്‍കിയ പേര്. മോഷ്ടിക്കേണ്ട വീടുകളില്‍ ആദ്യം അടയാളമിടുകയും പിന്നീട് വീടിന്റെ മേല്‍ക്കൂരയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയും അനുകൂല സാഹചര്യത്തില്‍ മോഷണം നടത്തുകയും ചെയ്യുന്നതാണ് ഡ്രോണ്‍ ചോറിന്റെ രീതി എന്നായിരുന്നു പ്രചാരത്തിലുണ്ടായിരുന്ന അഭ്യൂഹം.

യാതൊരു ദയയുമില്ലാതെ തല്ലിച്ചതച്ചതിനു ശേഷം അവശനായ യുവാവിനെ റെയില്‍വേ ട്രാക്കിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു. അവിടെ വെച്ചായിരുന്നു യുവാവിന്റെ അന്ത്യവും. വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് ഈ അഭ്യൂഹം കാട്ടുതീ പോലെ പടര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. കാണ്‍പൂര്‍, മഹാരാജ്പൂര്‍, മധോഗഡ്, രാംപുര തുടങ്ങിയ മേഖലകളിലും ഈ 'ഡ്രോണ്‍ ചോര്‍' സംശയത്തിന്റെ പേരില്‍ സമാനമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരപരാധിയായ യുവാവിന്റെ മരണത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.