ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറിനെ 'ജംഗിള്‍ രാജില്‍' നിന്ന് മോചിപ്പിച്ചുവെന്നും ഒരിക്കല്‍ കൂടി ബീഹാര്‍ ജനത വികസനത്തിന്റെ രാഷ്ട്രീയം തെരഞ്ഞെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്‍ഡിഎ സര്‍ക്കാരിന് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും പുതിയ ദിശ നല്‍കാനായി.

ചരിത്രപരമായ വികസന മാറ്റങ്ങള്‍ക്കാണ് നിലവില്‍ ബീഹാര്‍ സാക്ഷ്യം വഹിക്കുന്നത്. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷായുടെ പരാമര്‍ശം. നവംബര്‍ 6, 11 തീയതികളില്‍ പോളിംഗ് നടക്കും, വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും.

''തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ ഈ മഹത്തായ ഉത്സവത്തിന് ബീഹാറിലെ എല്ലാ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. മോദി ജിയുടെ നേതൃത്വത്തില്‍, എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറിനെ ജംഗിള്‍ രാജില്‍ നിന്ന് കരകയറ്റി വികസനത്തിന്റെയും സദ്ഭരണത്തിന്റെയും പുതിയ ദിശ നല്‍കി,'' അമിത് ഷാ എക്സില്‍ കുറിച്ചു.

ചരിത്രപരമായ മാറ്റങ്ങള്‍ക്ക് ബീഹാര്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇത്തവണ ബീഹാറിലെ ജനങ്ങള്‍ വീണ്ടും വികസനത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.