- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കു നേരെ ഷൂ എറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയം; പ്രതികരിച്ച് സിപിഎം
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കു നേരെ ഷൂ എറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം പിബി പ്രസ്താവനയില്‍ പറഞ്ഞു. സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭിഭാഷകനാണ് ആക്രമണം നടത്തിയത്. കുറ്റക്കാരനെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
സനാതന ധര്‍മത്തിന് അനുകൂലമായ മുദ്രാവാക്യം മുഴക്കിക്കൊണ്ട് തുറന്ന കോടതിമുറിയില്‍ വച്ച് ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിഞ്ഞു എന്നത് അത്യന്തം ഞെട്ടിക്കുന്നതാണ്. നേതാക്കളുടെയും ജാതി, മനുവാദി, വര്‍ഗീയ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും സമീപകാല പ്രസ്താവനകള്‍ ഇത്തരം പ്രവൃത്തികള്‍ക്ക് ധൈര്യം പകരുന്നു. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ സമൂഹത്തിലേക്ക് മനുവാദവും വര്‍ഗീയ വിഷവും കുത്തിവയ്ക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. തങ്ങളുടെ ആശയങ്ങളല്ലാതെയുള്ള ഏതൊരു പ്രത്യയശാസ്ത്രത്തോടുമുള്ള സംഘപരിവാറിന്റെ എതിര്‍പ്പും അസഹിഷ്ണുതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായി സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു. അസഹിഷ്ണുത പ്രചരിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും സര്‍ക്കാര്‍ കര്‍ശനമായി നേരിടണമെന്നും അതോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്നും സിപിഐ എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.